Monday, November 18, 2024
Top StoriesU A E

സ്വകാര്യ കമ്പനികൾക്ക് പ്രവാസി ജീവനക്കാരെ കുറക്കുകയോ ശമ്പളം കുറക്കുകയോ ആവാം: യു എ ഇ തൊഴിൽ മന്ത്രാലയം

സ്വകാര്യസ്ഥാപനങ്ങൾക്ക് ജീവനക്കാരെ വെട്ടികുറക്കുകയോ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് വരുത്തുകയോ ചെയ്യാമെന്ന് യു എ ഇ തൊഴിൽമന്ത്രാലയം.

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളെ മറികടക്കാനാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. ഈ മാസം 26 മുതൽ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

യു എ ഇ തൊഴിൽമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് അധികമുള്ള തൊഴിലാളികളുടെ പേര് വിവരങ്ങൾ വെർച്ച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് അവരെ ജോലിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്.

ജീവനക്കാർക്ക് മറ്റിടങ്ങളിൽ ജോലി ലഭിക്കുന്നതിനും അതുവഴി അവർക്ക് കമ്പനികളിൽ നിന്ന് ഒഴിഞ്ഞു പോകാനുമുള്ള സൗകര്യത്തിനാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്.

ഇങ്ങനെ ചെയ്യാത്ത പക്ഷം, നിലവിലുള്ള തൊഴിൽ കരാറിൽ മാറ്റം വരുത്തി ജീവക്കാരുടെ ശമ്പളം താൽകാലികമായോ, സ്ഥിരമായോ വെട്ടിച്ചുരുക്കാൻ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ ഇത് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം എന്നും നിർദ്ദേശമുണ്ട്.

ശമ്പളത്തോട് കൂടിയോ അല്ലാതെയോ അവധി നൽകാം, ശമ്പളത്തോടെയോ അല്ലാതെയോ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകാം എന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

വെട്ടികുറച്ച ജീവനക്കാർക്ക് രാജ്യത്ത് തുടരുന്നത് വരെയോ അതല്ലെങ്കിൽ അവർക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെയോ ശമ്പളം നൽക്കുന്നില്ലെങ്കിലും അവരുടെ താമസം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കമ്പനി വഹിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്.

ഈമാസം 26 മുതലാണ് തൊഴിൽ മന്ത്രി നാസർ താനി അൽഹംലി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. പ്രവാസി ജീവനക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുക. സ്വദേശി ജീവക്കാർക്ക് ഇത് ബാധകമല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa