പൊതുമാപ്പ്: മടക്ക ചിലവ് കുവൈറ്റ് വഹിക്കും
കുവൈറ്റ് സിറ്റി: നിയമ ലംഘകർക്കു വൻ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ് സർക്കാർ. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് വിമാന യാത്രാ ചിലവ് കുവൈറ്റ് വഹിക്കും.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് പൊതുമാപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ചു ഇവർക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സർക്കാർ വഹിക്കും. കൂടാതെ പിഴയൊന്നും അടക്കാതെ സ്വന്തം നാടുകളിലേക്ക് ഇവർക്ക് തിരിച്ചു പോകാം.
പൊതുമാപ്പിൽ പോകുന്നവർക്ക് പുതിയ വിസയിൽ പിന്നീട് കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. ഇളവ് പ്രയോജനപ്പെടുത്തുന്നവർക്ക് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് യാത്ര പുറപ്പെടുന്നത് വരെയുള്ള താമസ സൗകര്യവും അധികൃതർ ഒരുക്കും.
ഏപ്രിൽ ഒന്ന് മുതൽ ഒരു മാസക്കാലത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പ് നടപടികൾക്കുവേണ്ടി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ രാജ്യക്കാർക്കും പ്രത്യേക കാലയളവാണ് നടപടികൾക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം നിശ്‌ചയിച്ചു നൽകിയിട്ടുള്ളത്. താമസ നിയമം ലംഘിച്ച ഇന്ത്യക്കാർ ഏപ്രിൽ 11 മുതൽ ഏപ്രിൽ 15 വരെയാണ് തിരിച്ചു പോക്കിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടത് .
രാവിലെ എട്ടു മുതൽ പുരുഷന്മാർ ഫർവാനിയ, ബ്ലോക്ക് 1 , സ്ട്രീറ്റ് 122 ഇൽ ഉള്ള അൽ മുത്തന്ന ബോയ്സ് സ്‌കൂളിലും, സ്ത്രീകൾ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76 ലെ ഫർവാനിയ ഗേൾസ് സ്‌കൂളിലും ആണ് ഹാജരാകേണ്ടത്. ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എന്നാൽ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാതെ പ്രവാസികൾക്ക് എങ്ങനെ പൊതുമാപ്പ് പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. നിലവിൽ കുവൈത്തിൽ നിന്ന് പുറത്തേക്ക് വിമാന സർവീസുകൾ ഇല്ലാത്തത് കൊണ്ട് തന്നെ കുവൈത്തിന് പുറത്തേക്ക് യാത്ര സാധ്യമാവാത്ത അവസ്ഥയാണ് ഉള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa