Saturday, November 16, 2024
QatarTop Stories

കമ്പനി നഷ്ടത്തിലാണെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകണം; ഖത്തർ തൊഴിൽ മന്ത്രാലയം

ദോഹ: സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക്​ ശമ്പളം നൽകാൻ ബാധ്യസ്ഥരാണെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം.

തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായി തൊഴിൽ കരാർ റദ്ദാക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്. എന്നാൽ നിയമപ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും ശമ്പള കുടിശികയും നൽകണം. കൂടാതെ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും നൽകണം.

കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യം മൂലമോ മറ്റോ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലുടമ ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യമൊരുക്കണം എന്നും തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കമ്പനികൾ നഷ്ടത്തിലാണെങ്കിൽ ജീവനക്കാർക്ക് ശമ്പളം നൽകണം. സ്വകാര്യ മേഖലയിലെ ബാങ്കുകൾക്ക് ലോൺഗ്യാരണ്ടിയായി മൂന്ന് ബില്യൻ റിയാൽ അമീറിന്റെ ഉത്തരവ് പ്രകാരം നൽകിയത് ഇതിനാണ്. കമ്പനികളുടെ ശമ്പള സംരക്ഷണ സംവിധാനം (WPS) കൈകാര്യം ചെയ്യുന്ന ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കും. വേതനം നൽകുന്നതിന് സഹായിക്കാനാണ് കമ്പനികൾക്ക് ലോൺ കൊടുക്കുന്നത്.

രാജ്യത്തിനു പുറത്തുള്ള തൊഴിലാളിക്ക് ശമ്പളം നൽകാൻ തൊഴിലുടമക്ക് ബാധ്യതയില്ല. ലോക് ഡൗണോ മറ്റു കാരണങ്ങളാലോ രാജ്യത്തിനു പുറത്തുള്ള തൊഴിലാളിക്ക് മടങ്ങാനാവാതെ വന്നാൽ ഇരുകൂട്ടരും ചർച്ചയിലൂടെ ജോലിയുടേയും ആനുകൂല്യത്തിന്റെയും കാര്യങ്ങൾ തീരുമാനിക്കണം.

രാജ്യത്തിനു പുറത്തുള്ളവരുടെ തൊഴിൽ റദ്ദാക്കുകയാണെങ്കിൽ തൊഴിൽ നിയമവും കരാർ പ്രകാരവുമുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പള കുടിശികയും ലഭ്യമാക്കണം.

ക്വാറന്റൈൻ, ഐസൊലേഷൻ, ചികിത്സ എന്നിവയിലുള്ള തൊഴിലാളികൾക്ക് അടിസ്ഥാന ശമ്പളവും അസുഖാവധി അനുകൂല്യങ്ങളും നൽകണം എന്നും മന്ത്രാലയം നിഷ്കർശിക്കുന്നു.

കൃത്യമായി കമ്പനികൾ ശമ്പളം നൽകുന്നുണ്ടോ എന്ന് വേജ് പ്രൊട്ടക്ഷൻ സംവിധാനം വഴി തൊഴിൽ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ശമ്പള ദിവസത്തിന്റെ 7 ദിനങ്ങൾക്കുള്ളിൽ വേതനം നൽകാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കും. സേവനങ്ങൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശിച്ച മേഖലയിലെ തൊഴിലാളികൾക്ക് അടിസ്ഥാന വേതനം, ഭക്ഷണം, താമസം, മറ്റു അലവൻസുകൾ എന്നിവ ലഭിക്കും.

മെട്രാഷ്2 ആപ്പ് വഴിയോ അഭ്യാന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോഎല്ലാതരം വിസകളും പുതുക്കാമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa