Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അവസരമൊരുങ്ങുന്നു;നടപടിക്രമങ്ങൾ അറിയാം

ജിദ്ദ: സൗദിയിൽ നിന്നും നിലവിലെ സാഹചര്യത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അതിനുള്ള അവസരമൊരുങ്ങുന്നു.

സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയമാണു ഇത് സംബന്ധിച്ച പദ്ധതി തയ്യാറാക്കിയത്.

ഇതിനായി വിവിധ സർക്കാർ വകുപ്പുകളുമായി യോജിച്ചുള്ള പദ്ധതിക്ക് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം രൂപം നൽകിക്കഴിഞ്ഞു.

ആഗോള തലത്തിൽ കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ നിരവധി വിദേശികൾ ആഗ്രഹം പ്രകടിപ്പിച്ച് ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണു ഇപ്പോൾ ഈ അവസരം അധികൃതർ ഒരുക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയ ഈ സാഹചര്യത്തിൽ ഇങ്ങനെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാനുഷിക പരിഗണന വെച്ച് അവസരമൊരുക്കാനാണു തിരു ഗേഹങ്ങളുടെ സേവകൻ സല്മാൻ രാജാവിൻ്റെ നേതൃത്വത്തിലുള്ള ഭരണ നേതൃത്വം ഉദ്ദേശിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ച വിദേശികൾക്കാണു ഈ സമയത്ത് സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള അവസരമൊരുക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പ്രത്യേക സാഹചര്യത്തിൽ തൊഴിലാളികളെ നാട്ടിലേക്കയക്കാൻ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. അപേക്ഷ മാനവ വിഭവശേഷി മന്ത്രാലയം പഠിച്ച ശേഷമാണു അപ്രൂവൽ ലഭിക്കുക. സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. നടപടിക്രമങ്ങൾ താഴെ വിവരിക്കുന്നു.

1.നിലവിൽ പ്രവർത്തനമുള്ള, സ്ഥാപനത്തിൻ്റെ ഔദ്യോഗിക പ്രതിനിധികൾക്കാണു സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക.

2.മന്ത്രാലയത്തിൻ്റെ സ്റ്റാറ്റസിൽ ‘ഓൺ ദ ജോബ്’ സ്റ്റാറ്റസിൽ ഉള്ള തൊഴിലാളികൾക്കാണു ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കുക. അതായത് ഹുറൂബ് പോലുള്ളവ സീകരിക്കില്ല എന്നർത്ഥം.

3.തൊഴിലാളികളെ എക്സിറ്റിൽ അയക്കാനുള്ള അപേക്ഷ ഒരിക്കൽ നൽകിയാൽ പിന്നീട് 14 ദിവസത്തേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ ആദ്യ അപേക്ഷയിൽ തന്നെ പോകാനുള്ളവരുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തുകയാണു നല്ലത്.

4.പാസ്പോർട്ടിൽ ഉള്ളത് പോലെ തൊഴിലാളിയുടെ പേര് ഇംഗ്ളീഷിൽ പൂരിപ്പിക്കണം

5.താഴെ പറയുന്ന കാര്യങ്ങൾ അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ പാലിച്ചിരിക്കണം: തൊഴിലാളിയുടെ ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തിരിക്കണം, തൊഴിലാളിയുടെ സർവീസ് തുകയും ബാധ്യതകളും നൽകിയിരിക്കണം, ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച രീതിയിലുള്ള മെഡിക്കൽ ടെസ്റ്റ് നടത്തണം, യാത്ര പോകാൻ പറ്റാത്ത ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ മന്ത്രാലയവുമായി തുടർ നടപടികൾക്കായി സഹകരിക്കണം, യാത്രാ ടിക്കറ്റ് വാങ്ങിയിരിക്കണം, തൊഴിലാളിയെ യാത്ര പുറപ്പെടുന്ന സ്ഥലത്ത് എത്തിക്കുകയും യാത്രാ നടപടികൾ പൂർത്തീകരിക്കുകയും വേണം, തൊഴിലാളിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരങ്ങളിൽ എന്തെങ്കിലും ഇല്ലാത്തതാണെങ്കിൽ കംബനിക്കും കംബനി പ്രതിനിധിക്കും നിയമ നടപടി നേരിടേണ്ടി വരും.

6. https://mlsd.gov.sa/ar/node/482550 എന്ന ലിങ്ക് വഴിയാണു അപേക്ഷ നൽകേണ്ടത്. 5 ദിവസമാണു ഒരു അപേക്ഷ പഠിക്കാൻ ആവശ്യമായ സമയം.

സൗദി ഭരണകൂടം ഒരുക്കിയ ഈ പദ്ധതി നിരവധി തൊഴിലാളികൾക്ക് മാനസികമായും സാംബത്തികമായും വലിയ ആശ്വാസമാണു നൽകുക. അതോടൊപ്പം സ്ഥാപനങ്ങൾക്കും വലിയ രീതിയിൽ തന്നെ ഗുണം ചെയ്യുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്