Friday, November 15, 2024
QatarTop Stories

ചരക്ക് വിമാനത്തിൽ ഒരന്ത്യയാത്ര.

ദോഹ: ഇക്കഴിഞ്ഞ മാര്‍ച്ച് 30 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ മേട്ടൂര്‍ സ്വദേശിയായ വിനോദ് അയ്യൻ ദുരൈ (29) ദോഹയിൽ മരിച്ചത്. ദോഹയിലെ ഒരു കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു മരിച്ച ദുരൈ. ആറുവർഷമായി ഖത്തറിൽ ജോലി ചെയ്യുകയാണ് ഇദ്ദേഹം.

വിനോദ് അയ്യൻ ദുരൈ

കോവിഡിന്റെ പാശ്ചാത്തലത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് ഏറെ ദുഷ്കരമായിരുന്നു. പക്ഷെ കുടുംബങ്ങളുടെ അവസാനമായി ഒരുനോക്കു കാണാനുള്ള അടങ്ങാത്ത ആഗ്രഹം ചെന്നെത്തിയത് ഖത്തറിലെ സാമൂഹിക പ്രവർത്തകരുടെ മുന്നിലാണ്.

ആഴ്ചകൾക്ക് മുൻപ് തന്നെ ഇന്ത്യടക്കമുള്ള മുഴുവൻ രാജ്യങ്ങളിലേക്കും ഖത്തർ വിമാന സർവീസുകൾ നിർത്തലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് വിഷയത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകർ അന്വേഷിച്ചത് കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കുറിച്ചായിരുന്നു.

ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിലായിരുന്നു അത്. ഓടിനടന്ന് നടപടിക്രമങ്ങളും ആവശ്യമായ രേഖകളും അവർ ശരിയാക്കി.

പക്ഷെ വിധി സാങ്കേതിക കാരണങ്ങളുടെ രൂപത്തിൽ പിന്നെയും വിളയാടി. മൃതദേഹം കൊണ്ടുപോകാൻ തീരുമാനിച്ച വിമാനം മുടങ്ങി. പിന്നീട് ഏപ്രിൽ 5നേ പോകാൻ കഴിയു, എന്ന് ഖത്തർ അധികൃതർ അറിയിക്കുകയായിരുന്നു.

എന്നാൽ കുടുംബങ്ങളുടെ പ്രാർത്ഥനകൾ ആവണം, ഏപ്രിൽ മൂന്നിനു തന്നെയുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്ന അറിയിപ്പ് വന്നു. ഹമദ്അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി.

അകാലത്തിൽ പൊലിഞ്ഞ സ്വപ്നങ്ങളുടെ ഭാരവും പേറി ആ ചരക്കു വിമാനം മറ്റു തടസ്സങ്ങളില്ലെങ്കിൽ വൈകീട്ട് 7.30 നു നാട്ടിലേക്ക് തിരിക്കും.

ഭാര്യ: ദിവ്യ, ഒരു മകൾ (6 മാസം), പിതാവ്: അയ്യൻ ദുരൈ, മാതാവ്: സരസ്വതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa