സൗദിയിൽ കർഫ്യൂവിനു പുറമെ ഐസൊലേഷനും പ്രഖ്യാപിച്ച ഏരിയകളിലുള്ളവർ ശ്രദ്ധിക്കുക
ജിദ്ദ: കോവിഡ്19 വ്യാപനം പ്രതിരോധിക്കുന്നതിനായി കർഫ്യൂവിനു പുറമേ 24 മണിക്കൂറും ഐസൊലേഷനും ഏർപ്പെടുത്തിയ വിവിധ ഡിസ്റ്റ്രിക്കുകളിലെ പൊതുജനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിലെ റൂമുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് കർശനമായ നിർദ്ദേശങ്ങളാണു ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്.
ആരോഗ്യ പരിപാലനം, ഭക്ഷണ സാധനങ്ങൾ വാങ്ങൽ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിലെ ആളുകൾക്ക് റൂമുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടുള്ളൂ.
രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്തിനുള്ളിൽ മാത്രമേ അടിയന്തിരാവശ്യങ്ങൾക്കും പുറത്തിറങ്ങാൻ പാടുള്ളൂ. അതും ഐസൊലേറ്റഡ് ഏരിയയുടെ പരിധിക്കുള്ളിൽ മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.
അതേ സമയം ഇങ്ങനെ പുറത്തിറങ്ങുന്നവർ അടിയന്തിര സാഹചര്യത്തിലാണു പുറത്തിറങ്ങിയിട്ടുള്ളത് എന്ന് ആ പ്രദേശങ്ങളിൽ ഡ്യൂട്ടിയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തുകയും ചെയ്യും.
സുരക്ഷാ ഉദ്യോഗസ്ഥൻ്റെ പരിശോധനയിൽ ഒരാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത് അത്യാവശ്യമില്ലാതെയാണെന്ന് ബോധ്യമായാൽ അയാൾക്ക് കർഫ്യൂ നിയമ ലംഘനത്തിനുള്ള പിഴ ചുമത്തും.
കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ പതിനായിരം റിയാലും രണ്ടാമതും ലംഘിച്ചാൽ 20,000 റിയാലും പിഴ അടക്കേണ്ടി വരും. നിയമ ലംഘനം ആവർത്തിച്ചാൽ തടവും അനുഭവിക്കേണ്ടി വരും.
നിലവിൽ ജിദ്ദയിലെ ചില ഡിസ്റ്റ്രിക്കുകളിലും, മക്കയിലെയും മദീനയിലെയും ചില ഡിസ്റ്റ്രിക്കുകളിലും കർഫ്യൂവിനു പുറമെ 24 മണിക്കൂർ ഐസൊലേഷനും ബാധകമാക്കിയിട്ടുണ്ട്.
ജിദ്ദയിലെ മഹ്ജർ, ഗുലൈൽ, കിലൊ14 ജനൂബി, പെട്രോമിൻ, അൽ ഖുറയാത്, കിലോ13, കിലോ14 ശിമാലി തുടങ്ങിയ 7 ഡിസ്റ്റ്രിക്കുകളിലാണു 24 മണിക്കൂർ കർഫ്യൂവിനു പുറമേ ഐസൊലേഷനും ഏർപ്പെടുത്തിയിട്ടുള്ളത്. ഈ ഏഴ് ഡിസ്റ്റ്രിക്കുകളിൽ നിന്ന് പുറത്തേക്ക് കടക്കുന്നതും ഇവിടേക്ക് പുറത്ത് നിന്ന് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
