ഇന്ത്യൻ കോവിഡ് ബാധിതർ കൂടുന്നു; കുവൈറ്റിൽ സ്ഥിതി ആശങ്കാജനകം
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരായ കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമാം വിധം വർദ്ധിക്കുന്നു. ഇന്ന് പുതുതായി വന്ന 77 കേസുകളിൽ 60 പേരും ഇന്ത്യൻ പ്രവാസികളാണ്.
കുവൈറ്റിൽ ഇതുവരെ 556 കോവിഡ് ബാധിതരാണ് ഉള്ളത്. ഇതിൽ പകുതിയും ഇന്ത്യക്കാരാണ്. 225 ഇന്ത്യൻ പ്രവാസികളാണ് കോവിഡ്-19 ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 60 ഇന്ത്യക്കാരുടെ കേസുകളിൽ 58ഉം കോവിഡ് സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിലൂടെ പകർന്നതാണ്. ഇത് വൻ ആശങ്കയാണ് ഉയർത്തുന്നത്.
ശരിയായ മുൻകരുതലുകളും സുരക്ഷാ മാർഗങ്ങളുമില്ലാതെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകുന്നത് അപകടകരമാണ്. രണ്ട് രോഗികൾക്ക് എവിടെ നിന്നാണ് രോഗം പകർന്നിരിക്കുന്നത് എന്നത് വ്യക്തമല്ല.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഇന്ത്യക്കാരായ പകുതിയിലധികം പേർക്കു പകർന്നതും രോഗം സ്ഥിരീകരിച്ചവരിൽ നിന്നായിരുന്നു. ഇത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. അന്നേ ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ 16 പേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
കുവൈറ്റിലെ ആദ്യ കോവിഡ് മരണവും 46 വയസ്സുകാരനായ ഗുജറാത്ത് സ്വദേശിയുടേതായിരുന്നു. വിനയകുമാർകഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജാബിർ ആസ്പത്രിയിൽ വെച്ചാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഞായറാഴ്ച ആറു പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99 ആയി. നിലവിൽ 456 പേർ ചികിത്സയിലുണ്ട്. പതിനേഴ് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa