Friday, November 15, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 2 ലക്ഷം വരെയാകാമെന്ന് പഠനം; ജനങ്ങൾ സഹകരിച്ചാൽ പിടിച്ച് കെട്ടാമെന്ന് മന്ത്രി

ജിദ്ദ: വരും നാളുകളിൽ സൗദിയിൽ കൊറോണ വ്യാപനം ഉയരാതിരിക്കണമെങ്കിൽ എല്ലാവരുടെയും സഹകരണവും ആരോഗ്യ വിഭാഗം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധമായ മനസ്സും ആവശ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ:തൗഫീഖ് അൽ റബീഅ പ്രസ്താവിച്ചു.

അടുത്ത സ്റ്റേജ് ലോക തലത്തിൽ തന്നെ അതി കഠിനമായ അവസ്ഥയായിരിക്കും. നമ്മൾ ഈ ലോകത്തിൻ്റെ ഭാഗമായത് കൊണ്ട് തന്നെ വൈറസ് പ്രതിരോധത്തിനായി പ്രവചിക്കാനാകാത്ത ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വരും.

മറ്റു ലോക രാജ്യങ്ങൾ ആലോചിക്കുന്നതിൻ്റെ മുംബ് തന്നെ വൈറസ് വ്യാപനം തടയുന്നതിനായി മുൻ കൂട്ടി പ്രതിരോധ നടപടികൾ സ്വീകരിച്ച രാജ്യമാണു സൗദി അറേബ്യ.

ഉംറ നിർത്തലാക്കിയതും, പള്ളികളിലെ നമസ്ക്കാരങ്ങൾ നിർത്തൽ ചെയ്തതും, ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തൽ ചെയ്തതും ജോലി സ്ഥലങ്ങളിൽ നിയന്ത്രണം വരുത്തിയതും സ്കൂളുകൾ നിർത്തലാക്കിയതും എല്ലാം 90% കൂടിക്കലരലുകളും ഒഴിവാകുന്നതിനു വേണ്ടിയായിരുന്നു.

അതേ സമയം വൈറസ് വ്യാപനം തടയുന്നതിനും മറ്റും ഏർപ്പെടുത്തിയ മുൻ കരുതലുകളോ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോ ചില ആളുകളെങ്കിലും ഗൗരവത്തിൽ എടുക്കുന്നില്ല എന്ന കാര്യം ഏറെ ദു:ഖത്തോടെ പറയേണ്ടി വന്നിരിക്കുകയാണെന്ന് തൗഫീഖ് റബീഅ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരുത്തരവാദിത്വപരമായ സമീപനങ്ങൾ പലരിൽ നിന്നും വന്നതായി നമ്മൾ കണ്ടതാണ്. ഇത്തരം നിരുത്തരവാദിത്വപരമായി പെരുമാറുന്ന ജനങ്ങളിൽ നിന്നും സമൂഹത്തെ രക്ഷപ്പെടുത്തുന്നതിനു കൂടുതൽ ശക്തമായ നടപടികൾ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു എന്നാണു മനസ്സിലാകുന്നത്.

സൗദിയിലെയും അന്താരാഷ്ട്ര തലത്തിലെയും വിദഗ്ധർ നടത്തിയ പഠന പ്രകാരം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം ചുരുങ്ങിയത് 10,000 ത്തിനും 2 ലക്ഷത്തിനും ഇടയിൽ ആയേക്കമെന്നതാണ്. എന്നാൽ നമ്മുടെ ശക്തമായ പ്രതിരോധ നടപടികൾ കൊണ്ട് തന്നെ നമുക്ക് 10,000 എന്ന ചുരുങ്ങിയ സംഖ്യയിൽ വൈറസ് ബാധിതരുടെ എണ്ണം ഒതുക്കണം. അതേ സമയം അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ വൈറസ് ബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

വൈറസ് വ്യാപനം തടയുന്നതിനായി എല്ലാ വിധത്തിലുമുള്ള ബോധവത്ക്കരണം ആരോഗ്യ മന്ത്രാലയവും മറ്റു സർക്കാർ ഏജൻസികളും നൽകുന്നുണ്ട്. എന്നിട്ടും വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിൽ അതിൻ്റെ ഉത്തരവാദിത്വം നിർദ്ദേശങ്ങൾ പാലിക്കാത്ത സ്വദേശികൾക്കും വിദേശികൾക്കുമായിരിക്കും എന്നും മന്ത്രി ഓർമ്മിപ്പിച്ചു.

അതേ സമയം എല്ലാ വിധത്തിലുമുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി മന്ത്രാലയം രംഗത്തുണ്ടാകുമെന്നും വൈറസ് ബാധിതരുടെ എണ്ണം കുറക്കുന്നതിനുള്ള എല്ലാ തരത്തിലുമുള്ള പരിശ്രമങ്ങൾ നടത്തുമെന്നും മന്ത്രി രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ഉറപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്