Saturday, November 16, 2024
BahrainGCCKuwaitOmanQatarSaudi ArabiaTop StoriesU A E

പൊറോട്ട വീശുന്ന ബാച്ചിലർ റൂമുകൾ; ലോക്ക്ഡൗൺ കാലത്തെ വിവിധ പരീക്ഷണങ്ങൾ.

ബാചിലർ റൂമുകൾ എന്നും പ്രവാസികളുടെ തനത് കലകളുടെ സംഗമ ഭൂമിയാണ്. കോവിഡ് വഴിമുടക്കിയ ജീവിതോപാധികൾ മനസ്സ് തളർത്തുന്നുണ്ടെങ്കിലും, പിറന്ന നാടിന് തണലേകുന്ന പ്രവാസിക്ക് തളർന്നു പോകാനാവില്ലല്ലോ.

കോവിഡ് 19 എന്ന മഹാ മാരി ഭീതി വിതക്കുന്നതിന് മുൻപ്, വ്യാഴാഴ്ച രാത്രികൾ ബാച്ചിലർ റൂമുകൾക്ക് ആഘോഷ രാവുകളായിരുന്നു. പല നാടുകളിൽ നിന്ന് വന്ന് ഹൃദയം തൊട്ട സുഹൃത്തുക്കളായി ജീവിക്കുന്നയിടങ്ങൾ. മൂക്ക് മുട്ടെ തിന്ന് നേരം വെളുക്കുവോളം സൊറ പറഞ്ഞും രാഷ്ട്രീയം പറഞ്ഞ് തർക്കിച്ചും നേരം വെളുപ്പിക്കുന്ന ദിനങ്ങൾ.

സാധാരണ അഞ്ചോ ആറോ പേരുള്ള ബാച്ചിലർ റൂമുകളിൽ, ഓരോരുത്തർക്കും ഓരോ ജോലികൾ ഉണ്ടാവും. മിക്കവാറും നേരത്തെ ജോലി കഴിഞ്ഞു വരുന്നവർക്കായിരിക്കും ഭക്ഷണം ഉണ്ടാക്കുന്ന ജോലി. ഇദ്ദേഹം, ചിക്കൻ, മട്ടൻ, ബീഫ്, മീൻ എന്നിങ്ങനെ എല്ലാം കൊണ്ടും കറി വെക്കും. പക്ഷെ എല്ലാറ്റിലേക്കും ഇടുന്ന കൂട്ട് മിക്കവാറും ഒന്ന് തന്നെയായിരിക്കും. സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇത്രയും വഴറ്റി അതിലേക്ക് എന്തിടുന്നോ അതാണ് അന്നത്തെ കറി.

പക്ഷെ ഈ ലോക്ക്ഡൗൺ കാലത്ത് കഥ മാറി. ബാച്ചിലർ റൂമുകളിലെ അടുക്കളകൾ പുതിയ പുതിയ പരീക്ഷണങ്ങൾ കൊണ്ട് വീർപ്പു മുട്ടുകയാണ്. ലോക്ക് ഡൗൺ കാലം കഴിയുമ്പഴേക്കും കട്ടൻ ചായ ഉണ്ടാക്കാൻ അറിയാത്തവർ പോലും ബിരിയാണി ഉണ്ടാക്കുന്ന മാജിക് ആണ് സംഭവിക്കാൻ പോകുന്നത്.

സാധാരണ ഗതിയിൽ ബാചിലർ റൂമുകളിൽ സമയമില്ലാത്തത് കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ പുറത്തു നിന്ന് ആരെയെങ്കിലും ഏല്പിക്കുന്ന പതിവുണ്ട്. ചിലരൊക്കെ അതൊഴിവാക്കി സ്വന്തമായി കുക്കിംഗ് ഏറ്റെടുത്തിട്ടുണ്ട്.

ഒരല്പം പാളിയാലും ഇഷ്ടം പോലെ സമയമുള്ളത് കൊണ്ട് നന്നാക്കിയെടുക്കാൻ സമയമുണ്ടെന്നാണ്, ജിദ്ദയിൽ നിന്നും മൈദപ്പൊടിയാണെന്ന് കരുതി ഗോതമ്പു പൊടികൊണ്ട് പൊറോട്ട ഉണ്ടാക്കി പാളിപ്പോയ ഫാബിദ് കൂത്രാട്ട് എന്ന പ്രവാസി അറേബ്യൻ മലയാളിയോട് പറഞ്ഞത്. പൊറോട്ട ശെരിയാവുന്നില്ല എന്ന് കണ്ടപ്പോൾ പൊടിവാങ്ങിയ പാക്കറ്റിൽ നോക്കിയപ്പോഴാണ് ഗോതമ്പ് പൊടിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായതത്രെ.

പൊറാട്ട വീശിയവരിൽ ചിലർ പിന്നീട് മൈദ മാവ് ചുമരിൽ നിന്നും സീലിങ്ങിൽ നിന്നും വടിച്ചെടുത്തതായ രസകരമായ അനുഭവം പങ്കുവെക്കുകയുണ്ടായി.

നാട്ടിൽ ഇപ്പൊ ചക്കക്കുരു തോരനും ചക്ക കൂട്ടാനും കറിയും ചക്ക ബിരിയാണിയും പൊരിയും ഒക്കെ കഴിഞ്ഞ് ഇപ്പൊ ട്രന്റ് ചക്കക്കുരു ജ്യൂസ് ആണ്. പ്രവാസികൾക്ക് അത്ര കൂടുതൽ ചക്കക്കുരു കിട്ടാനില്ലാത്തത് കൊണ്ട് അത്തരം പരീക്ഷണങ്ങളൊന്നുമില്ല. പക്ഷെ, ബിരിയാണി മുതൽക്കങ്ങോട്ട് പരീക്ഷണങ്ങളുടെ നീണ്ട നിരയാണ്.

മുടി വെട്ടാണ് പ്രവാസികൾക്കിടയിൽ ഇപ്പോളുള്ള മറ്റൊരു ട്രെന്റ് , പരസ്പരം വെട്ടിയും മൊട്ടയടിച്ചും അവർ പുതിയ തൊഴിൽ പരിശീലിക്കുകയാണ്. കൂടെയുള്ളവന് തല കൊടുക്കാൻ പേടിയുള്ളവർ സ്വന്തമായി ട്രിമ്മർ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നുമുണ്ട്.

ഫാമിലി റൂമുകളിലും മുടി വെട്ട് ട്രെന്റാണ്. കുട്ടികളുടെ തലകളെല്ലാം മാതാപിതാക്കൾ പരീക്ഷണ ശാലകളാക്കി മാറ്റി. പുറത്തിറങ്ങിയാലല്ലേ ആരെങ്കിലും കാണൂ എന്നാണ് കുട്ടികളുടെ മുടി വെട്ടി കുളമാക്കിയ ഒരു പ്രവാസി ചോദിച്ചത്. ഭർത്താവിന്റെ മുടി വെട്ടിക്കൊടുത്തുകൊണ്ട് ഭാര്യമാരും ലോക്‌ഡോൺ കാലത്ത് താൽക്കാലിക ബ്യുട്ടീഷന്മാരായിട്ടുണ്ട്.

ഇവിടെ ലോക്ക് ഡൗൺ ആയതുകൊണ്ട് നാട്ടിലുള്ളവരും കുടുങ്ങിയിട്ടുണ്ട്. നേരം വെളുത്താൽ വിളിയോട് വിളിയാണ്, കുറച്ചേരം ഉമ്മയോട് സംസാരിച്ചാൽ പിന്നെ ‘ഉമ്മ ദേ, നിനക്കാടീ..’ എന്ന് പറഞ്ഞ് പെങ്ങളുടെ കയ്യിൽ കൊടുത്ത് രക്ഷപ്പെടും. ഇതങ്ങനെ കൈ മാറി ഉപ്പ, അനിയൻ, കുട്ടികൾ എന്നിങ്ങനെ എല്ലാവരിലും എത്തും. ഓരോ കൈമാറ്റം നടക്കുമ്പഴും രക്ഷപ്പെടലിന്റെ ആശ്വാസമുണ്ടാകും അവർക്ക്. ‘എങ്ങനെ പോകുന്നു’ എന്നറിയാൻ വിളിച്ച ഒരു പ്രവാസി അറേബ്യൻ മലയാളിയോട് പറഞ്ഞ മറുപടിയാണിത്.

ഗതകാല സ്മരണകൾ അയവിറക്കി ചിലർ കട്ട കളിച്ചും ചെസ്സ് നീക്കിയും കാരംസിൽ തട്ടിയും സമയം കൊല്ലുന്നുണ്ട്. തോന്നിയപോലെ നിയമമുള്ള രസകരമായ വാഗ്വാദങ്ങൾ നിറഞ്ഞ കളികൾ. നാട്ടിലുള്ള ഫാമിലിയുമായും സുഹൃത്തുക്കളുമായും ലുഡോ കളിച്ചും, ഗ്രൂപ്പ് വീഡിയോ കാൾ ചെയ്തും, വീണ് കിട്ടിയ സമയം വായിക്കാനും, പഠിക്കാനും ഒക്കെ ചിലവഴിച്ചും ദിവസങ്ങൾ തള്ളിനീക്കുകയാണ് പ്രവാസികൾ.

ഈ സമയവും കടന്ന് പോകും, വർധിത വീര്യത്തോടെ പ്രവാസികൾ തിരിച്ചു വരും. നാടിന്റെ താങ്ങും തണലും പ്രതീക്ഷയും നമ്മളിൽ തന്നെയാണ്. ഒരു കൊറോണയും നമ്മുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കില്ല.

ആവശ്യമായ മുൻകരുതലുകളും സുരക്ഷാ മാർഗങ്ങളും സ്വീകരിക്കുക. രോഗ ലക്ഷണങ്ങൾ പ്രകടമാവുന്ന തുടക്കത്തിൽ തന്നെ ആസ്പത്രികളെയോ അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയത്തെയോ സമീപിക്കുക. എവിടെ ചികിത്സിക്കണമെന്നോ എവിടെ കാണിക്കണമെന്നോ അറിയാത്തവർ ഏറ്റവും ചുരുങ്ങിയത് അടുത്തുള്ള മലയാളികളായ സന്നദ്ധ പ്രവർത്തകരെയോ പൊതു പ്രവർത്തകരെയോ എങ്കിലും ബന്ധപ്പെടുക. അവർക്ക് നിങ്ങളെ ശരിയായ ദിശയിൽ തിരിച്ചു വിടാൻ സാധിച്ചേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa