ചെറിയ ലാഭം കൊതിച്ച് വലിയ വിപത്തുകൾ വിളിച്ചു വരുത്തുന്നവർ.
വെബ്‌ഡെസ്‌ക്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, ചിലർ ഈ അവസ്ഥയെ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അധികാരികൾ.
എല്ലാ ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്, ഇത് മുതലെടുത്താണ് ചിലർ പണമുണ്ടാക്കാൻ ഇറങ്ങിയിട്ടുള്ളത്.
സൗദിയിലെ അൽ ഖസീമിൽ സ്വദേശിയുടെ മുടി വെട്ടിയതിന് ഇന്ത്യക്കാരനായ ബാർബറേയും സ്വദേശിയേയും പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കുട്ടികൾക്ക് സ്വകാര്യമായി ട്യൂഷൻ നൽകാനാണ് ഇനിയൊരു കൂട്ടർ ഇറങ്ങി നടക്കുന്നത്. ക്ലസ്സെടുക്കുമ്പോൾ വ്യക്തമായ ശാരീരിക അകലം പാലിക്കാൻ കഴിയാത്തതിനാൽ തന്നെ സാമൂഹിക വ്യാപനം വഴി രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ വീട്ടിൽ വെച്ചുള്ള ട്യൂഷൻ നിരോധിച്ചുകൊണ്ട്, യു എ ഇ ആദ്യമേ ഉത്തരവിറക്കിയിരുന്നു.
ബ്യൂട്ടീ പാർലറുകളാണ് മറ്റൊരു മേഖല, സ്വദേശി വീടുകളിലെ സ്ത്രീകൾക്കിടയിലേക്കാണ് ഇത്തരക്കാർ ചെല്ലുന്നത്. പ്രവാസികളായ സ്ത്രീകളടക്കമുള്ളവർ ഇങ്ങനെ ട്യൂഷൻ എടുക്കാനും ബ്യൂട്ടീഷ്യനായും ഇതര വീടുകളുമായി പോകുന്നത് പിടിക്കപ്പെട്ടാൽ കനത്ത പിഴയും, തടവുമടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരും.
ഇത് ആരെങ്കിലും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താൽ കർഫ്യു ലംഘനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷങ്ങൾ തന്നെ പിഴയായി ചുമത്തപ്പെടും.
ശിക്ഷയെക്കാളുപരി അണുവിമുക്തമാണോ എന്നുറപ്പില്ലാത്ത ഉപകരണങ്ങൾ കൊണ്ടുള്ള കട്ടിംഗും ഷേവിംഗും, അതുപോലെതന്നെ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാൻ കഴിയാത്ത ട്യൂഷൻ എടുക്കലും വൻ അപകടം വരുത്തിവെക്കും.
സൂക്ഷിച്ചില്ലെങ്കിൽ അടുത്ത ആഴ്ചകളിൽ രോഗ വ്യാപനം പതിനായിരം മുതൽ രണ്ട് ലക്ഷം വരെ ആവാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതിന്റെ ചൂടാറിയിട്ടില്ല, അതിന്റെ മുമ്പാണ് ഇത്തരം വളഞ്ഞ വഴികളുമായി ആളുകൾ പുറത്തിറങ്ങുന്നത്.
കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ നിന്നായിരിക്കും പ്രവാസികൾ ഇത്തരം ജോലികൾക്കായി പുറത്ത് പോകുന്നത്. ഒരാളുടെ അശ്രദ്ധകൊണ്ട് നിരവധിപേർ അസുഖ ബാധിതരാകുന്ന അവസ്ഥയായിരിക്കും ഉണ്ടാവാൻ പോവുന്നത്.
സർക്കാരിന്റെ ലോക്ക്ഡൗൺ കാല നിയന്ത്രണങ്ങൾ അനുസരിക്കുകയാണ്, ഈ മഹാവിപത്തിനെ തുരത്താൻ ഓരോ പ്രവാസിയും ചെയ്യേണ്ടത്. ചെറിയ ലാഭം കൊതിച്ച് വലിയ വിപത്തുകൾ വിളിച്ചുവരുത്തരുത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa