സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി രാജാവിൻ്റെ ഉത്തരവ്
ജിദ്ദ: സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ട് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിറക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കോവിഡ്19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് 23 നു ആരംഭിച്ച 21 ദിവസത്തെ കർഫ്യുവാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുള്ളത്.
മുഴുവൻ ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള രാജ കല്പന പാലിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
സൗദിയിലെ 13 പ്രവിശ്യകളിലും നിലവിൽ കർഫ്യൂ നിലവിലുണ്ട്. ഇതിൽ തന്നെ ചില പട്ടണങ്ങളിലും ഗവർണ്ണറേറ്റുകളും കർഫ്യൂ മുഴുവൻ സമയമാണെങ്കിൽ ബാക്കിയുള്ള എല്ലാ സ്ഥലങ്ങളിലും വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയാണു കർഫ്യൂ.
കർഫ്യൂവിനു പുറമെ വൈറസ് വ്യാപനം അധികരിക്കുമെന്ന് ഭയക്കുന്ന ചില ഏരിയകളിൽ ഐസൊലേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
മദീനയിൽ ചില ഡിസ്റ്റ്രിക്കുകളിൽ കഴിഞ്ഞ ദിവസം കർഫ്യൂ ശക്തമാക്കിയിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങൾക്ക് ഒരു കാര്യത്തിനും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. അവർക്കുള്ള ഭക്ഷണവും മരുന്നും മറ്റു ആവശ്യങ്ങളും അധികൃതർ വീട്ടിലേക്ക് എത്തിച്ച് കൊടുക്കുകയാണു ചെയ്യുന്നത്.
രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ച് വരികയാണ്. സ്വദേശികളും വിദേശികളും സാമൂഹിക അകലം പാലിച്ച് വൈറസിനെ തുരത്തുന്നതിനുള്ള പരിശ്രമങ്ങളെ സഹായിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്.
4033 പേർക്കാണു ഇത് വരെ സൗദിയിൽ കോവിഡ് ബാധയേറ്റിട്ടുള്ളത്. ഇതിൽ 3261 കേസുകൾ ആണു ഇപ്പോൾ ആക്റ്റീവ് ആയിട്ടുള്ളത്. 720 പേർ സുഖം പ്രാപിച്ചപ്പോൾ 52 പേർ മരണപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa