സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നു; പുതുതായി 429 കേസുകൾ
റിയാദ്: സൗദിയിൽ കോവിഡ്19 ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദിവസവും 300 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ 429 പേർക്ക് പുതുതായി കോവിഡ് ബാധിച്ചതായാണ് ഇന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഇന്നത്തെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഇത് വരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 4462 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 3642 കേസുകളാണ് ആക്റ്റീവ് ആയിട്ടുള്ളത്. 65 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 പുതിയ മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സൗദിയിൽ ഇത് വരെയുള്ള കോവിഡ് മരണ സംഖ്യ 59 ആയി ഉയർത്തിയിട്ടുണ്ട്. അതേ സമയം 41 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇത് വരെ കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 761 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി കോവിഡ് ബാധ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് റിയാദിലാണ്. 198 കേസുകളാണ് റിയാദിൽ മാത്രം റിപ്പോർട്ട് ചെയ്തത്. മക്കയിൽ 103, മദീനയിൽ 73, ജിദ്ദയിൽ 19, ദമാമിൽ 10, യാംബുവിൽ 7, ഖമീസ് മുഷൈത്തിൽ 5, സാംതയിൽ 4, തബൂക്കിൽ 3, ഖത്തീഫിൽ 3, ത്വായിഫിലും സ്വബിയയിലും 2 വീതം എന്നിങ്ങനെയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കോവിഡ് ബാധയേറ്റവരുടെ കണക്കുകൾ.
വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. തൊഴിലിടങ്ങളിൽ പോകുന്നവർ എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തുക. മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി കുറക്കുക. അഥവാ ഇടപഴകേണ്ടി വന്നാൽ തന്നെ കൈകൾ സോപ്പ് ഉപയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കഴുകുക. മറ്റുള്ളവരിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശം പാലിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa