പ്രവാസികളെ ഉടനെ തിരികെയെത്തിക്കാനാവില്ലെന്ന് സുപ്രീം കോടതി
വെബ്‌ഡെസ്‌ക്: കോവിഡ് പ്രതിസന്ധി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവർക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.
ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്നും പ്രവാസികളെ ഇപ്പോൾ തിരികെ ഇന്ത്യയിൽ എത്തിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി.
ഇതര രാജ്യങ്ങളിലുള്ളവരെ തിരികെയെത്തിക്കാൻ സാധിക്കില്ലെന്നും അവർ നിലവിലുള്ള രാജ്യങ്ങളിൽ തന്നെ തുടരണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
യാത്ര ഇപ്പോൾ അനുവദിച്ചാൽ നിലവിലെ കേന്ദ്ര സർക്കാറിന്റെ വിലക്കിനു വിരുദ്ധമാകും എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജികൾ നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഗൾഫ് രാഷ്ട്രങ്ങൾക്ക് പുറമെ നിരവധി യൂറോപ്യൻ രാജ്യങ്ങളിലും മറ്റും ഇന്ത്യക്കാർ പ്രവാസികളായുണ്ട്. ഇവരെയൊക്കെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നത് രോഗ വ്യാപനത്തിനു കാരണമായേക്കും. നിലവിലെ ലോക്ഡൗണും യാത്രാ വിലക്കും അടക്കമുള്ള പ്രതിരോധ നടപടികൾ തകിടം മറിയാൻ ഇത് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതത് രാജ്യങ്ങളിൽ ചികിത്സാ സൗകര്യമടക്കമുള്ളവ സർക്കാർ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നത് പ്രായോഗികമായി തെറ്റാണെന്നും ബെഞ്ച് വ്യക്തമാക്കി.
ഹർജി സുപ്രീം കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa