Friday, November 15, 2024
Saudi ArabiaTop Stories

സൗദി നാഷണൽ ഗാർഡ് സേന മക്കയിലേക്ക് പുറപ്പെട്ടു; ഇനി കർഫ്യൂ പരിശോധനകൾ കൂടുതൽ ശക്തമായേക്കും

ജിദ്ദ; സൗദിയിലെ കർഫ്യൂ പരിശോധനകൾ വരും ദിനങ്ങളിൽ ശക്തമാകുമെന്ന സൂചന. കർഫ്യു വ്യവസ്ഥകൾ നടപ്പാക്കുന്നതിനു സുരക്ഷാ സേനയെ സഹായിക്കുന്നതിനായി സൗദി നാഷണൽ ഗാർഡ് സേനാംഗങ്ങൾ മക്കയിലേക്ക് പുറപ്പെട്ടതായി നാഷണൽ ഗാർഡ് മന്ത്രാലയം അറിയിച്ചു.

മക്കയിലേക്ക് സൈനിക വാഹനങ്ങൾ പുറപ്പെടുന്ന ദൃശ്യങ്ങൾ സൗദി നാഷണൽ ഗാർഡ് മന്ത്രാലയം തന്നെയാണു പുറത്ത് വിട്ടത്. മക്കയിലെ മുഴുവൻ ഏരിയകളിലും കോവിഡ്19 പ്രതിരോധത്തിനായുള്ള കർഫ്യൂ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുന്നതിനായി ഇനി നാഷണൽ ഗാർഡംഗങ്ങളും രംഗത്തുണ്ടാകും.

രാജ്യത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ മക്കയും ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ മക്കയിലെ ചില ഡിസ്റ്റ്രിക്കുകളിൽ മാത്രം 24 കർഫ്യൂവും ഐസൊലേഷനും ഏർപ്പെടുത്തിയിരുന്നു.

റിയാദ് കഴിഞ്ഞാൽ സൗദിയിൽ ഏറ്റവും കൂടുതൽ കോവിഡ്19 ബാധിച്ച സ്ഥലം മക്കയാണ്. 1050 കേസുകളാണ് മക്കയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 914 കേസുകൾ ആക്റ്റീവ് ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മക്കയിൽ 95 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ കർഫ്യൂ വ്യവസ്ഥകൾ ശക്തമായി നടപ്പാക്കുന്നതിനായി സൗദി സുരക്ഷാ വിഭാഗത്തോടൊപ്പം നാഷണൽ ഗാർഡംഗങ്ങളും ചേരുന്നത് സമൂഹിക ഇടപെടലുകൾ വഴിയുള്ള വൈറസ് വ്യപനം തടയുന്നതിനു സഹായകരമാകുമെന്ന് കരുതാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്