Friday, November 15, 2024
Saudi ArabiaTop Stories

രണ്ടര ലക്ഷം തൊഴിലാളികൾക്ക് സുരക്ഷയൊരുക്കി സൗദി.

റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടര ലക്ഷത്തോളം തൊഴിലാളികൾക്ക് വൃത്തിയും സുരക്ഷയുമുള്ള താൽക്കാലിക പാർപ്പിടങ്ങൾ ഒരുക്കി സൗദി അറേബ്യ.

സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടരലക്ഷം തൊഴിലാളികളെയാണ് ഇങ്ങനെ മാറ്റി പാർപ്പിക്കുന്നത്. പ്രത്യേകം സജ്ജീകരിച്ച താമസ സ്ഥലങ്ങളിലേക്ക് ഇവരെ മാറ്റി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.

അതത് പ്രവിശ്യാ ഗവര്‍ണറേറ്റുകളുടെയും മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചു വരുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, വൃത്തിഹീനമായി അവസ്ഥയില്‍ കഴിയുന്ന ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കാനായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി അറുപതിനായിരം മുറികള്‍ സജ്ജീകരിച്ചതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകളും ഹോട്ടലുകളും ഏറ്റെടുത്താണ് ഇതിനായുള്ള വിപുലമായ സജ്ജീകരണം നടത്തിയത്.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ഇവിടങ്ങളിൽ താമസിപ്പിക്കില്ല. അവരെ ഐസൊലേഷൻ വാർഡുകളിലേക്ക് ആണ് കൊണ്ടുപോകുക. ഒരു മുറിയിൽ നാലുപേർ എന്ന രീതിയിലാണ് താമസമൊരുക്കിയിരിക്കുന്നത്.

3345 സ്കൂളുകൾ ഇതിനായി ഏറ്റെടുത്ത് അണുവിമുക്തമാക്കിയതായി മുന്‍സിപ്പല്‍ ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ഖത്താന്‍ പറഞ്ഞു. തൊഴിലാളികളെ എത്തിക്കാനുള്ള വാഹനങ്ങളും അണുവിമുക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa