Saturday, November 23, 2024
Saudi ArabiaTop Stories

ഇന്ന് സൗദിയിൽ ഏറ്റവും കൂടുതൽ കൊറോണ റിപ്പോർട്ട് ചെയ്ത ദിനം; രോഗികളുടെ എണ്ണം 6000 കടന്നു

റിയാദ്: സൗദിയിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനു ശേഷം ഏറ്റവും കൂടുതൽ എണ്ണം വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ദിനമായിരുന്നു ഇന്ന്. 518 പേർക്ക് പുതുതായി കൊറോണ-കോവിഡ്19 സ്ഥിരീകരിച്ചതായാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ഓരോ ദിനവും വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം ഇതിനകം 6380 ആയിരിക്കുകയാണ്. ഇതിൽ 5307 കേസുകളാണ് ആക്റ്റീവ് ആയിട്ടുള്ളത്.

ഇന്ന് 4 മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണ സംഖ്യ 83 ആയി. 71 കേസുകൾ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 59 പേർക്ക് അസുഖം ഭേദമാായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 990 ആയി ഉയർന്നിട്ടുണ്ട്.

35 നും 89 നും ഇടയിൽ പ്രായമുള്ളവരാണ് മരണപ്പെട്ട 4 പേർ . അവരിലധികവും നേരത്തെ മാറാവ്യാധികൾ ഉള്ളവരായിരുന്നു. അതേ സമയം ലേബർ ക്യാമ്പുകളിൽ പോസിറ്റീവ് കേസുകൾ ധാരാളമായി കാണപ്പെടുന്നുണ്ട് എന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ വൈറസ് ബാധ ഇനിയും ഉയർന്നേക്കുമെന്ന സൂചനയാണു സമീപ ദിനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പ്രകാരം മനസ്സിലാകുന്നത്. നാലു പഠനങ്ങൾ പ്രകാരം സൗദിയിലെ വൈറസ് ബാധിതരുടെ എണ്ണം 10,000 മുതൽ 2 ലക്ഷം വരെ എത്താമെന്നാണു സൂചിപ്പിക്കുന്നത്. എന്നാൽ ഇത് 10,000 ത്തിൽ ഒതുക്കുന്നതിനായി തീവ്ര യജ്ഞത്തിലാണു അധികൃതർ. ഇതിനായി രാജ്യത്തെ സ്വദേശികളും വിദേശികളുടെയും പൂർണ്ണ സഹകരണമാണു ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്