റിയാദ് സീസണിൽ ആക്രമണം നടത്തിയ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: റിയാദ് സീസണിൽ ആയുധമുപയോഗിച്ച് ആക്രമണം നടത്തിയ വിദേശി യുവാവിൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ് സീസൺ ഫെസ്റ്റിവലിലെ ഒരു പരിപാടിക്കിടയിൽ ആയുധവുമായെത്തി പ്രോഗ്രാം അവതരിപ്പിക്കുന്നവരെയും സുരക്ഷാ ജീവനക്കാരനെയും കുത്തിയതിനാണ് ഇമാദ് അബ്ദുൽ ഖവി അൽ മൻസൂരി എന്ന യമനി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയത്.
യമനിലെ അൽ ഖ്വൈദ ഭീകര ഗ്രൂപിൻ്റെ നേതാവിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രതി ആക്രമണം നടത്തിയത് എന്നും ഭീകര ഗ്രൂപിൻ്റെ നേതാവുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റിയാദ് സീസൺ ഫെസ്റ്റിവലിനോടനുബന്ധിച്ച് വിദേശ തീയേറ്റർ സംഘം നടത്തിയ പ്രോഗ്രാമിനിടെയായിരുന്നു പ്രതി അക്രമണം നടത്തിയത്. പരിപാടിക്കിടെ പ്രതി സ്റ്റേജിലേക്ക് ചാടിക്കയറിയായിരുന്നു കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
രാജ്യത്തിൻ്റെ സുരക്ഷക്കും ജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുകയും ആയുധം ഉപയോഗിച്ച് രക്തം ചിന്തുകയും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ കോടതി വധ ശിക്ഷക്ക് വിധിക്കുകയായിരുന്നു.
പ്രതിക്ക് വധ ശിക്ഷ വിധിച്ചതിനെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിറങ്ങുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa