Wednesday, November 27, 2024
Saudi ArabiaTop Stories

ഹറമുകളിൽ ഈ വർഷം തറാവീഹ് 10 റകഅത്ത്; പുറത്ത് നിന്നുള്ളവർക്ക് പ്രവേശനമില്ല

മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും ഈ വർഷം റമളാനിൽ തറാവീഹ് നമസ്ക്കാരം നടക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ് അറിയിച്ചു.

അതേ സമയം കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പുറത്ത് നിന്നുള്ളവർക്ക് പള്ളിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. ഹറം കാര്യ വകുപ്പ് ജീവനക്കാർക്കും പള്ളി പരിപാലിക്കുന്ന ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

തറാവീഹ് നമസ്ക്കാരം 5 സലാമുകളിലായി 10 റകഅത്തിൽ ചുരുക്കും. ആദ്യത്തെ ഇമാം 6 റകഅത്തിനും രണ്ടാമത്തെ ഇമാം 4 റകഅത്തിനും വിത്റിനും നേതൃത്വം നൽകും. ഈ വർഷത്തെ റമളാൻ മാസത്തിലെ ഇഅതികാഫ് ഉണ്ടായിരിക്കില്ല.

ഖിയാമുല്ലൈൽ നമസ്ക്കാരത്തിൽ ഒരു ദിവസം ഓതേണ്ട ജുസ്ഉ പൂർത്തീകരിക്കും. റമളാൻ 29 ആം രാവിൽ ഖിയാമുല്ലൈലിൽ വിശുദ്ധ ഖുർആൻ ഖതം പൂർത്തീകരിക്കും.

ഈ മഹാമാരിയിൽ നിന്ന് മോചനം തേടിയുള്ള പ്രാർത്ഥനകളായിരിക്കും ഖുനൂതിൽ ഉണ്ടായിരിക്കുക. വിശുദ്ധ ഹറമിലേക്ക് പുറത്ത് നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് റമളാൻ മാസം മുഴുവൻ ഉണ്ടായിരിക്കുമെന്നും ശൈഖ് സുദൈസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്