സൗദിയിൽ നിന്നും സ്വദേശങ്ങളിലേക്ക് പോകാനായി 25,000 ത്തിലധികം വിദേശികളുടെ അപേക്ഷകൾ ലഭിച്ചതായി സൗദി അധികൃതർ
ജിദ്ദ: സൗദിയിൽ നിന്നും തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന 25,000 ത്തിലധികം വിദേശികളുടെ അപേക്ഷകൾ ഇതിനകം ലഭിച്ചതായി സൗദി മാനവവിഭവശേഷി സാമുഹിക വികസന മന്ത്രാലയം അറിയിച്ചു.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ പ്രത്യേക സാഹചര്യത്തിൽ സ്വന്തം നാടുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് അതിനുള്ള സംവിധാനം ഒരുക്കുന്നതിനെ സംബന്ധിച്ച് ഈ മാസം തുടക്കത്തിൽ സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചതിനെത്തുടർന്നാണു അപേക്ഷകൾ ലഭിച്ചിട്ടുള്ളത്.
ഓരോ അപേക്ഷകളും സ്വീകരിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും അപേക്ഷയുടെ അവസ്ഥക്കനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും തുടർന്ന് അപേക്ഷ സ്വീകരിച്ചവരുടെ മടക്ക യാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ പദ്ധതി പ്രകാരം മടങ്ങുന്നവർക്കുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ജിദ്ദ എയർപോർട്ടിൽ നിന്നും പുറപ്പെട്ടിരുന്നു. ജിദയിൽ നിന്നും റിയാദ് വഴി മനിലയിലേക്ക് ഫിലിപൈൻസ് പൗരന്മാരുമായാണു സൗദിയ വിമാനം പറന്നത്.
ഇതേ സംവിധാനം മറ്റു രാജ്യങ്ങളിലെ പൗരന്മാരും പ്രയോജനപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. അതേ സമയം ഇന്ത്യയിൽ യാത്രാ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി ഇത് വരെ ലഭിക്കാത്ത സാഹചര്യത്തിൽ എന്ന് മുതലാണു ഇന്ത്യയിലേക്കുള്ള സർവീസ് ആരംഭിക്കുക എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa