സൗദിയിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി അപേക്ഷിക്കാൻ അവസരം
ജിദ്ദ: സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം എക്സിറ്റിലും റി എൻട്രിയിലുമുള്ള വിദേശികൾക്ക് രാജ്യം വിടാനുള്ള അവസരം സൗദി ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നു.

‘ഔദ’ അഥവാ റിട്ടേൺ എന്ന് പേരിട്ട ഈ സംരംഭമനുസരിച്ച്, പ്രവാസികൾക്ക് അവരുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനമായ അബ്ഷിർ പോർട്ടൽ വഴി അപേക്ഷിക്കാം.

വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. ഇൻ്റർനാഷണൽ ഫ്ലൈറ്റുകളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പ്രവാസികളിൽ നിന്നുള്ള യാത്രയ്ക്കുള്ള അഭ്യർത്ഥനകൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അംഗീകരിക്കപ്പെടും.

പദ്ധതി അനുസരിച്ച യാത്രാ തീയതി, ടിക്കറ്റ് നമ്പർ, റിസർവേഷൻ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഒരു സന്ദേശം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നയാൾക്ക് അയയ്ക്കും, അതിലൂടെ ഗുണഭോക്താവിന് യാത്രാ ടിക്കറ്റ് നേടാനും യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കഴിയും.

യാത്രയ്ക്കുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കിയ മന്ത്രാലയം, അബ്ഷിർ പോർട്ടൽ സന്ദർശിച്ച ശേഷം അപേക്ഷകൻ ഔദ എന്ന ഐക്കൺ തിരഞ്ഞെടുത്ത് ഇക്കാമ നമ്പർ, ജനനത്തീയതി, മൊബൈൽ നമ്പർ, പുറപ്പെടുന്ന നഗരം, എത്തേണ്ട വിമാനത്താവളം എന്നീ വിവരങ്ങൾ പൂരിപ്പിക്കണം എന്നും അറിയിച്ചു.

സംവിധാനം നിലവിൽ വരുന്നതോടെ സ്വന്തമായി അബ്ഷിർ അക്കൗണ്ട് ഇല്ലാത്തവർക്കും ഈ സേവനം ഉപയോഗിക്കാം എന്നതാണു പ്രത്യേകത. ഇത് രാജ്യത്തെ എല്ലാ വിദേശികൾക്കും സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നതിനു സൗകര്യമൊരുക്കും.

റിയാദ്, ജിദ്ദ, മദീന, ദമാം എന്നീ എയർപോർട്ടുകൾ വഴിയാണ് രാജ്യം വിടാൻ സാധിക്കുക. ഈ നാല് നഗരങ്ങൾക്ക് പുറത്തുള്ളവർക്കും യാത്രാ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിമാനത്താവളങ്ങളിൽ എത്താൻ സൗകര്യം ചെയ്ത് കൊടുക്കും.

നേരത്തെ സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി ഔദ പദ്ധതിയിൽ വ്യക്തികൾക്ക് സ്വയം അപേക്ഷിക്കാൻ സാധിക്കും എന്നുള്ളത് ഏറെ ഉപകാരപ്പെടും. നേരത്തെയുള്ള വ്യവസ്ഥ പ്രകാരം വിദേശികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നു.

അതോടൊപ്പം ഔദ പദ്ധതി പ്രകാരം റി എൻട്രിയിലുള്ളവർക്കും നാട്ടിൽ പോകാൻ അവസരം ഒരുങ്ങുന്നു എന്നത് നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസമേകും. കഴിഞ്ഞ ദിവസം ഫിലിപൈനി പൗരന്മാരുമായി സൗദി എയർവേസിൻ്റെ വിമാനം ജിദ്ദയിൽ നിന്നും റിയാദ് വഴി ഫിലിപൈൻസ് തലസ്ഥാനമായ മനിലയിലേക്ക് പറന്നിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa