വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധക്ക് ; ഇക്കാര്യങ്ങൾ സൂക്ഷിച്ചാൽ കൊറോണ പിടിപെടാതെ സുരക്ഷിതരാകാം
ജിദ്ദ: ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം അനുദിനം വർധിച്ച് കൊണ്ടിരിക്കുന്നത് പ്രവാസി സമൂഹത്തിൽ വലിയ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ വൈറസിനെ ചെറുക്കാൻ പ്രതിരോധ മരുന്നുകൾ ഇത് വരെ കണ്ടെത്തിയിട്ടില്ല എന്നതിനാൽ ചില മുൻ കരുതലുകൾ എടുക്കുക എന്നത് മാത്രമാണു വൈറസ് ബാധിക്കാതിരിക്കാനുള്ള ഏക പോംവഴി എന്നത് ഓരോരുത്തരും ചിന്തിക്കുക.
വ്യക്തികൾ റൂമുകളിലും ഓഫീസുകളിലും കമ്പനികളിലും സാധനങ്ങൾ വാങ്ങാൻ പോകുംബോഴും മറ്റു സന്ദർഭങ്ങളിലും ബഖാല, സൂപർമാർക്കറ്റ് ജീവനക്കാർ ജോലി സ്ഥലത്തും മറ്റു സന്ദർഭങ്ങളിലും വെള്ളം, ലോൺട്രി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ ഇടപാടുകാരുമായി ഇടപഴകുംബോഴുമെല്ലാം ആവശ്യമായ മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. അവ ഓരോന്നായി നമുക്ക് വിലയിരുത്താം.
ആദ്യമായി നാം മനസ്സിലാക്കേണ്ടത് കൊറോണ വൈറസ് നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യതകൾ വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയുമാണെന്നതാണ്. അത് കൊണ്ട് തന്നെയാണ് ഈ മുഖ ഭാഗങ്ങളിൽ നാം എപ്പോഴും സ്പർശിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ഇടക്കിടക്ക് കൈകൾ കഴുകണമെന്ന് പ്രത്യേകം പറയാൻ കാരണം. വൈറസ് ഉള്ള ഒരാളുടെ ശരീരത്തിലെ വൈറസുകൾ അയാൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ മറ്റോ പുറം തള്ളപ്പെടുംബോൾ പുറത്ത് എത്തിയ വൈറസ് മണിക്കൂറുകൾ മുതൽ രണ്ട് മൂന്ന് ദിവസങ്ങൾ വരെ ഒരു പ്രതലത്തിൽ ആക്റ്റീവ് ആയി ഉണ്ടായേക്കാം. ഈ സമയത്ത് നമ്മൾ അറിയാതെ അവിടെ സ്പർശിച്ചാൽ വൈറസ് നമ്മുടെ കൈകളിൽ പറ്റിപ്പിടിക്കാനും തുടർന്ന് ആ കൈകൾ കൊണ്ട് മുഖ ഭാഗങ്ങൾ സ്പർശിക്കുംബോൾ അത് ശരീരത്തിനകത്താകാനും നമ്മൾ രോഗിയാകാനും കാരണമാകും. അത് കൊണ്ട് കൈകൾ സോപ്പിട്ടോ സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയാക്കുന്നതിൽ ഒരു ഉപേക്ഷയും പാടില്ല.
വ്യക്തികൾ: ജോലിക്ക് പോകുന്നവരാണെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കുക. കൈയുറ ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതും പാലിക്കുക. നിർദ്ദേശമില്ലെങ്കിലും ധരിക്കുന്നത് നല്ലതാണ്.അകലം പാലിക്കുക . ഒന്നര മീറ്റർ അകലം പാലിക്കാനാണു സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഓർക്കുക.
അതേ സമയം മാസ്ക് ധരിക്കുന്നവർ പൊതുവായി ചെയ്യുന്ന ചില അപകടകരമായ കാര്യങ്ങളുണ്ട്. മാസ്ക് ധരിച്ചിട്ടുണ്ടല്ലോ എന്ന ധാരണയിൽ ഏത് സ്ഥലത്തും സ്പർശിക്കുന്നതിനു ഒരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇതിനെ സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ പ്രത്യേകം മുന്നറിയിപ്പ് നൽകുന്നുണ്ട്. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ കൈകൾ പ്രത്യേകം സൂക്ഷിക്കണമെന്നും ഏതെങ്കിലും സ്ഥലത്ത് സ്പർശിച്ചതിനു ശേഷം വിരലുകൾ കണ്ണിലൊ മാസ്കിനു മുകളിലൂടെ മൂക്കിന്മേലോ വായയുടെ ഭാഗത്തോ സ്പർശിക്കുന്നത് തീർത്തും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ ഓർമ്മപ്പെടുത്തുന്നു.
കടകളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും മാസ്കും ഗ്ളൗസും ധരിക്കുക.പണമിടപാട് നടത്തുന്നവർ മുഖ ഭാഗത്ത് മാസ്കിനു മുകളിലൂടെയാണെങ്കിലും സ്പർശിക്കാതിരിക്കുക. സാധനങ്ങൾ എടുത്ത് നൽകുന്നവർ മാസ്കും ഗ്ലൗസും ധരിക്കുകയും കസ്റ്റമേഴ്സിനോട് കഴിയുന്നത്ര അകലം പാലിക്കുകയും ചെയ്യുക. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മാസ്ക് ധരിക്കുകയും ഗ്ളൗസ് ധരിക്കുകയും ചെയ്യുക. സൂക്ഷിക്കുക, നോട്ടുകൾ ഒരു പക്ഷേ വൈറസ് വാഹിനിയാകാം. അത് കൊണ്ട് തന്നെ സാനിറ്റൈസർ കടയിൽ നിർബന്ധമായും കരുതുക. കാഷ്യർ കൈകൾ ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക. ക്യാഷ് കൗണ്ടറിൽ എത്തുംബോൾ അകലം പാലിക്കാൻ കസ്റ്റമേഴ്സ് മറക്കാതിരിക്കുക.
സാധനങ്ങൾ വാങ്ങിയവർ അത്യാവശ്യ സാധനങ്ങളല്ലെങ്കിൽ സ്വന്തം കാറിലോ അല്ലെങ്കിൽ റൂമിലെ ഏതെങ്കിലും പെരുമാറ്റം കുറഞ്ഞ സ്ഥലത്തോ രണ്ട് മൂന്ന് ദിവസം ഉപയോഗിക്കാതെ വെക്കുക. ശേഷം ഉപയോഗിക്കുക. അത്യാവശ്യ സാധനങ്ങൾ ആണെങ്കിൽ സാധനം വാങ്ങാനുപയോഗിച്ച കവറുകൾ ഒഴിവാക്കുകയോ സോപ്പ് ഉപയോഗിച്ച് കഴുകി സൂക്ഷിക്കുകയോ ചെയ്യുക. ഫാമിലികൾ ഉള്ളവരാണെങ്കിൽ കടയിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ കുട്ടികൾ നേരിട്ട് സ്പർശിക്കുന്നതിൽ നിന്ന് വിലക്കുക. കടകളിൽ പണമിടപാട് നടത്തുകയും സാധനങ്ങൾ വാങ്ങുകയും ചെയ്തതിനാൽ കൈകൾ റൂമിലെത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
ലോൺട്രി, വെള്ളം എത്തിച്ച് കൊടുക്കുന്ന സേവനങ്ങൾ തുടങ്ങിയവയിൽ വ്യാപൃതരായവരും മാസ്കും ഗ്ലൗസും ഉപയോഗിക്കുക. ഒരിക്കലും ജോലിക്കിടയിൽ മാസ്ക്കിൽ സ്പർശിക്കാതിരിക്കുക. സാനിറ്റൈസർ ഉപയോഗിക്കുക. വെള്ളം കൊണ്ട് പോകുന്നവർ സാനിറ്റൈസർ വാഹനത്തിൽ വെക്കുക. കസ്റ്റമേഴ്സിനോട് അടുത്തിടപഴകാതിരിക്കുക.
ജോലി കഴിഞ്ഞ് റൂമിലെത്തുന്ന അവസരത്തിലാണു പ്രധാനമായും സൂക്ഷ്മത പുലർത്തേണ്ട സമയം. നമ്മൾ ധരിച്ച വസ്ത്രവും നമ്മുടെ കൈകളുമെല്ലാം അണു വാഹിനിയായേക്കാം. അത് കൊണ്ട് തന്നെ റൂമിൽ എത്തിയ ഉടൻ മറ്റുള്ളവരുടെ ബെഡിലോ ശരീരത്തിലോ വസ്ത്രത്തിലോ നമ്മുടെ വസ്ത്രം കൂടിച്ചേരുന്നതിൻ്റെ മുംബേ അവ അഴിച്ച് സോപ്പ് വെള്ളത്തിൽ മുക്കി വെക്കുക. ഏതാനും സമയത്തിനു ശേഷം അവ നന്നായി സോപ്പ് പൊടിയോ മറ്റോ ഉപയോഗിച്ച് കഴുകുക. റൂമിലെ ഒരാൾക്കും നമ്മെക്കൊണ്ട് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് മനസ്സ് കൊണ്ട് തീരുമാനിക്കുക. സ്വന്തം കംബനി സ്റ്റാഫ് ആണെങ്കിലും അല്ലെങ്കിലും എല്ലാം ഈ ആരോഗ്യ ബോധം റൂമിൽ പാലിക്കുക. കൈകൾ സോപ്പിട്ട് കഴുകിയല്ലാതെ റൂമിലെ ഒരു വസ്തുവിലും തൊടാതിരിക്കുക. ഇതിനെല്ലാം ഉപരി നന്നായി സോപ്പിട്ട് കുളിക്കുക.
ഹസ്ത ദാനം നൽകുന്നത് തീർത്തും ഒഴിവാക്കുക, വാഹനങ്ങളിൽ പോകുംബോൾ അവിടെയുമിവിടെയുമെല്ലാം വെറുതെ സ്പർശിക്കുന്നത് ഒഴിവാക്കുക. അഥവാ സ്പർശിച്ചാൽ ആ കൈകൾ മുഖത്തേക്ക് കൊണ്ട് പോകാതിരിക്കുകയും വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കുക.
ചുരുക്കത്തിൽ ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും ഉപദേശ നിർദ്ദേശങ്ങളും ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളും മറ്റും നമുക്ക് നൽകിയിട്ടുണ്ടെന്നും ഇനി കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത് നമ്മളാണെന്നും ചിന്തിച്ച് കൊണ്ട് ജാഗ്രതയോടെയും എന്നാൽ ഭയം ഇല്ലാതെയും മുന്നോട്ട് പോകുക. ശരീരത്തിനു പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുക. എങ്കിൽ കൊറോണയിൽ നിന്നും എല്ലാവർക്കും സുരക്ഷിതരാകാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa