ജോയ് അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്.
ദുബൈ: വ്യവസായ പ്രമുഖനും മലയാളിയുമായ ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബൈ പോലീസ് വ്യക്തമാക്കി. ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്ന് ചാടിയായിരുന്നു അദ്ദേഹം ആത്മഹത്യ ചെയ്തത്.
തുടക്കം മുതലേ മരണത്തിൽ ദുരൂഹതയുള്ളതായി സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിൽ ഏതെങ്കിലും ക്രിമിനൽ ഗൂഢാലോചനകൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
ഈ മാസം 23 നായിരുന്നു ഇന്നോവ റിഫൈനറീസ് എന്ന കമ്പനിയുടെ എംഡി യായിരുന്ന ജോയിയുടെ മരണം. എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്നതാണ് ഇന്നോവ റിഫൈനറീസ്.
സാമ്പത്തിക പ്രശ്നങ്ങളാണ് മരണത്തിനു പിന്നിലെന്ന് ബർദുബൈ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖദീം ബിൻ സുറൂർ പറഞ്ഞു.
ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിമാന വിലക്ക് നിലനിൽക്കുന്നതിനാൽ പ്രത്യേക വിമാനം ചാർട്ടർ ചെയ്ത് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്ത്യൻ അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
കർഷക കുടുംബത്തിൽ ജനിച്ച് വിവിധ രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറക്കൽ ജോയി എന്ന കപ്പൽ ജോയിയുടെ അകാല നിര്യാണം ആയിരത്തിലധികം തൊഴിലാളികളെയാണ് വഴിയാധാരമാക്കിയത്.
2000 കോടിയിലധികം മുടക്കി ഷാർജയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന എണ്ണ ശുദ്ധീകരണ പ്ലാന്റ് കമ്മീഷൻ ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ജോയിയുടെ ഡ്രീം പ്രൊജക്റ്റ് ആയിരുന്നു ഇത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa