കോവിഡ്: ഗൾഫിൽ 24 മണിക്കൂറിൽ മരിച്ചത് 6 മലയാളികൾ, ഇതുവരെ 30 പേർ, ആശങ്കയൊഴിയാതെ കേരളം.
വെബ്‌ഡെസ്‌ക്: ഗൾഫ് മേഖലയിൽ വർദ്ധിക്കുന്ന കോവിഡ് കണക്കുകൾ ഏറെ ആശങ്കയോടെയാണ് പ്രവാസ ലോകവും കേരളവും നോക്കിക്കാണുന്നത്. ഗള്‍ഫിൽ 24 മണിക്കൂറിനിടെ കോവിഡ് 19 ബാധിച്ച് മരിച്ചത് ആറ് മലയാളികൾ. യുഎഇയിൽ മൂന്നും കുവൈത്തിൽ രണ്ടും സൗദിയില്‍ ഒരാളും.
ഗൾഫ് മേഖലയിൽ ഇതുവരെ മുപ്പതോളം മലയാളികളാണ് കോവിഡ് മൂലം മരണത്തിനു കീഴടങ്ങിയത്.

പി.കെ കരീം ഹാജി ഉൾപ്പടെ മൂന്ന് പേരാണ് ഇന്നലെ യു.എ.ഇയിൽ മരിച്ചത്. യുഎഇ യിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ഇദ്ദേഹം. തൃശൂർ തിരുവത്ര സ്വദേശിയായ കരീം ഹാജി അബൂദബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററർ, സുന്നിസെന്റർ, കെ.എം.സി.സി എന്നിവയുടെ ഭാരവാഹിയായിരുന്നു. മരണപ്പെടുമ്പോൾ 62 വയസായിരുന്നു അദ്ദേഹത്തിന്.

അബുദാബിയിൽ കോവിഡിന് ചികിത്സയിലായിരുന്ന അദ്ധ്യാപിക പ്രിൻസി റോയ് മാത്യു ആണ് മരിച്ച മറ്റൊരാൾ. ഇന്ന് പുലർച്ചയായിരുന്നു ഇവരുടെ മരണം. 46 വയസായിരുന്നു. പത്തനംതിട്ട കോഴഞ്ചേരി പോൾ റീന വില്ലയിൽ റോയ് മാത്യു സാമുവൽ ആണ് ഭർത്താവ്.

ദുബൈ ദേരയിൽ റെസ്റ്ററന്റ് ജീവനക്കാരനായ കാസർകോട് തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി അബ്ദുല്ലയാണ് യു.എ.ഇയിൽ മരിച്ച മൂന്നാമത്തെ മലയാളി. ഇദ്ദേഹത്തിന് 63 വയസായിരുന്നു.
കുവൈറ്റിൽ രണ്ട് പേരാണ് മരണപ്പെട്ടത്. ആറന്മുള ഇടയാറൻമുള സ്വദേശി രാജേഷ് കുട്ടപ്പൻ നായരും തൃശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂറും.

സൗദിയിൽ മരിച്ച മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ മക്കയിലെ മത, സാമൂഹിക രംഗത്ത് നിറസാനിദ്ധ്യമായിരുന്നു. 57 വയസ്സായിരുന്നു ഇദ്ദേഹത്തിന്.

ഖത്തറിൽ രണ്ടു ദിവസം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും 845 പേരാണ് രോഗം റിപ്പോർട്ട് ചെയ്തത്. സൗദിയിൽ ആയിരത്തിമുന്നൂറിന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗിളുടെ എണ്ണം.
ആശങ്കകളൊഴിയാത്ത ഗൾഫ് മേഖലയിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള ഇന്ത്യക്കാരുടെ മുറവിളികൾ വർധിക്കുകയാണ്. നോർക്ക റൂട്സിന്റെ വെബ്സൈറ്റിൽ ഇതിനകം നാട്ടിലേക്ക് പോകാനായി മൂന്നര ലക്ഷത്തിന് മുകളിൽ ആളുകളാണ് രജിസ്റ്റർ ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa