Tuesday, April 15, 2025
OmanTop Stories

ഒമാനിൽ ഷോപ്പിംഗിനിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ; സർക്കാർ നിർദ്ദേശങ്ങൾ

മസ്കറ്റ് : ഷോപ്പിംഗിനിടെ കൊറോണ വൈറസ് പടരാതിരിക്കാൻ പാലിക്കേണ്ട സുപ്രധാന നടപടികൾ ഗവർമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (ജിസി) പ്രഖ്യാപിച്ചു.

ഷോപ്പിംഗ് സെന്ററിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക. കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും ഷോപ്പിംഗിൽ നിന്ന് ഒഴിവാക്കുക.

ഷോപ്പിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ പട്ടിക മുൻ‌കൂട്ടി തയ്യാറാക്കുക. ഷോപ്പിംഗിനായി നിങ്ങളുടെ സ്വന്തം ഷോപ്പിംഗ് ബാഗുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. 

നിങ്ങൾക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ എടുത്ത് നോക്കുകയോ സ്പർശിക്കുകയോ ചെയ്യരുതെന്നും ഷോപ്പിംഗിനു തിരഞ്ഞെടുക്കുന്ന സമയം തിരക്കു കുറഞ്ഞതാവാൻ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറഞ്ഞു.

ഷോപ്പിംഗ് കാർട്ട് അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇലക്ട്രോണിക് പേയ്‌മെന്റ് ഉപയോഗിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കുമിടയിൽ കുറഞ്ഞത് 2 മീറ്ററെങ്കിലും സുരക്ഷിതമായ അകലം പാലിക്കുക. 

ഷോപ്പിംഗിനു ശേഷം ഒരു ലിറ്റർ വെള്ളത്തിൽ 10 മുതൽ 15 മില്ലി വരെ ബ്ലീച്ച് ചേർത്ത് ലയിപ്പിച്ച ക്ലോറിൻ അല്ലെങ്കിൽ ബ്ലീച്ച് ഉപയോഗിച്ച് നിങ്ങളുടെ ഷൂസ് വൃത്തിയാക്കുക, തുടർന്ന് അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ആവശ്യമായ പ്രതലങ്ങളിൽ ഇത് തളിക്കുക.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുകയും വസ്ത്രങ്ങൾ മാറ്റുകയും ചെയ്യുക. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ ബാഗുകളിൽ നിന്ന് സാധനങ്ങൾ എടുത്ത ശേഷം ബാഗ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുക.

പൗരന്മാരും വിദേശികളും നിർബന്ധമായും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അതുവഴി കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള യുദ്ധത്തിൽ പങ്കാളികളാവണമെന്നും മന്ത്രാലയം ജനങ്ങളെ ഉണർത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa