150 സൗദി രാജകുമാരന്മാർക്ക് കൊറോണ ബാധിച്ചെന്ന റിപ്പോർട്ടിനോട് തുർക്കി അൽ ഫൈസൽ രാജകുമാരൻ പ്രതികരിച്ചു
ജിദ്ദ: 150 സൗദി രാജകുമാരന്മാർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും ഇവരെ ചികിത്സിക്കാനായി മാത്രം ആശുപത്രി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ടെന്നുമുള്ള തരത്തിൽ ന്യൂ യോർക്ക് ടൈംസിൽ വന്ന വാർത്തയോട് തുർക്കി അൽ ഫൈസൽ രാജകുമാരൻ പ്രതികരിച്ചു.

സൗദി രാജകുടുംബത്തിൽ നിന്നുള്ള 20 ൽ താഴെ അംഗങ്ങൾക്ക് മാത്രമാണു കൊറോണ വൈറസ് ബാധിച്ചിട്ടുള്ളതെന്നും ഇവരെ ചികിത്സിക്കാൻ ആശുപത്രി പ്രത്യേകം ഒരുക്കിയിട്ടില്ലെന്നും മറിച്ച് എല്ലാ സ്വദേശികൾക്കും വിദേശികൾക്കും അവിടെ ചികിത്സ നൽകുന്നുണ്ടെന്നുമാണു തുർക്കി അൽ ഫൈസൽ രാജകുമാരൻ അറിയിച്ചത്.
150 സൗദി രാജകുമരന്മാർക്ക് കൊറോണ ബാധിച്ചതിനെത്തുടർന്ന് ഒരു ഹോസ്പിറ്റൽ പൂർണ്ണമായും രാജകുടുംബാംഗങ്ങളെ ചികിത്സിക്കാനായി മാത്രം ഒഴിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്.
പ്രസിദ്ധീകരണത്തിന് അർഹമായ വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ഈ പത്രം, വാസ്തവത്തിൽ, സൗദിയെ സംബന്ധിച്ചിടത്തോളം അവർക്കിഷ്ടമുള്ള വാർത്ത മാത്രം പ്രസിദ്ധീകരിക്കുകയും ന്യൂസ് സോഴ്സ് മറച്ച് വെക്കുകയും ചെയ്യുന്ന സ്വഭാവമാണു പുലർത്തുന്നതെന്നും രാജകുമാരൻ വിമർശിച്ചു.

ഏത് പ്രതിസന്ധികളെയും നേരിടാൻ സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും നേതൃത്വത്തിലുള്ള ഭരണകൂടം സുസജ്ജമാണെന്നാണു ഈ കൊറോണക്കാലം മനസ്സിലാക്കിത്തരുന്നതെന്നും തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa