സൗദിയിലെ 10 പ്രവിശ്യകളിൽ ഇന്ന് ഇടി മിന്നലും മഴയും പൊടിക്കാറ്റും അനുഭവപ്പെടും; ജാഗ്രതാ നിർദ്ദേശം
ജിദ്ദ: സൗദിയിലെ 10 പ്രവിശ്യകളിൽ ഇന്ന് (വ്യാഴം) വിവിധ തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

റിയാദ്, മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, ഖസീം, മദീന, ഹായിൽ, ജിസാൻ, നജ്രാൻ, അസീർ, അൽബാഹ എന്നീ പ്രവിശ്യകളിലായിരിക്കും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അസീറിൽ വീടുകളിലും റോഡുകളിലും മഴവെള്ളം കയറിയതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരം സിവിൽ ഡിഫൻസ് രംഗത്തെത്തി.

മേഖലയിലെ വിവിധ ഭാഗങ്ങളെ ബാധിച്ച മഴയെ തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതായി അസീർ മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റിന്റെ വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽ സയ്യിദ് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ഖമീസ് മുഷൈത്ത് ഗവർണറേറ്റിൽ ഉണ്ടായ കനത്ത മഴയിൽ നിരവധി തുരങ്കങ്ങളിൽ വെള്ളം നിറയുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തു.

റോഡുകളിലും വീടുകളിലും വെള്ളം കയറി. തുരങ്കങ്ങളിലെ വെള്ളം വലിച്ചെടുക്കുന്നതിനും കുടുങ്ങിയ വാഹനങ്ങൾ പുറത്തെടുക്കുന്നതിനും ബന്ധപ്പെട്ട വിഭാഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ജിസാനിലെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ അനുഭവപ്പെട്ടു. ഇന്നും പൊടിക്കാറ്റും മഴയുമടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടാകുമെന്നതിനാൽ സ്വദേശികളും വിദേശികളും കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ജിസാൻ സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa