നാളെ മുതൽ നാട്ടിലേക്ക് മടക്കം സാധ്യമാകുന്നതിൻ്റെ ആശ്വാസത്തിൽ സൗദിയിലെ പ്രവാസികൾ
റിയാദ്: സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികളുമായുള്ള ആദ്യ വിമാനം നാളെ (വെള്ളി) റിയാദിൽ നിന്ന് പറന്നുയരും. കരിപ്പൂരിലേക്കാണു ആദ്യ വിമാനം പറക്കുന്നത്. ആദ്യ വിമാനത്തില്‍ പോകുന്നവരില്‍ പകുതി യാത്രക്കാരും ഗർഭിണികളും ചികിത്സാർത്ഥം പോകുന്നവരുമാണ്.

വിവിധ സെക്ടറുകൾക്കനുസരിച്ച് 850 റിയാൽ മുതൽ പരമാവധി 1500 റിയാൽ വരെയാണ് ടിക്കറ്റിന് നിരക്ക് ഈടാക്കുന്നത്. അറുപതിനായിരം അപേക്ഷകളാണ് എംബസിയിൽ ഇത് വരെ ലഭിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
നാട്ടില്‍ പോകുന്നവര്‍ക്ക് സൗദി ആരോഗ്യമന്ത്രാലയവുമായി ചേർന്ന് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധന നടത്തിയ ശേഷമായിരിക്കും യാത്രാനുമതി നൽകുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ എംബസി അറിയിക്കുന്നതായിരിക്കും.
റിയാദ്-കരിപ്പൂർ 1, റിയാദ്-ഡെൽഹി 1, ദമാം-കൊച്ചി 1, ജിദ്ദ- കൊച്ചി 1, ജിദ്ദ-ഡെൽഹി 1 എന്നിങ്ങനെയാണു ആദ്യ ഘട്ടത്തിൽ വിമാന സർവീസ്. വൈകാതെ കൂടുതല്‍ സെക്ടറുകളിലേക്ക് വിമാനം ഉണ്ടാകുമെന്നും അംബാസിഡര്‍ അറിയിച്ചിരുന്നു.

വിമാനക്കമ്പനി ഓഫീസില്‍ നിന്നാണ് യാത്രക്കാര്‍ ടിക്കറ്റ് എടുക്കേണ്ടത്, അത് സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ അറിയിക്കും. ഗര്‍ഭിണികളും ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഡോക്ടർമാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. ഔദ വഴി പോകാന്‍ രെജിസ്റ്റർ ചെയ്‌തവരുടെ വിവരങ്ങള്‍ എംബസിക്ക് ലഭിച്ചാൽ അധികൃതരുമായി ചേർന്ന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും. കൂടുതൽ വിവരങ്ങൾക്ക് 966-546103992 ,covid19indianembassy@gmail.com (റിയാദ്) 966-556122301, 8002440003, hoc.jeddah@mea.gov.in, conscw@mea.gov.in (ജിദ്ദ) എന്നീ നംബറുകളിലോ ഇമെയിലുകളിലോ ബന്ധപ്പെടുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa