Saturday, November 23, 2024
GCCTop Stories

കൊറോണ: ലക്ഷം കടന്ന് ഗൾഫ്; സുരക്ഷിത അകലം പാലിക്കാത്തത് വിനയാവുന്നു.

റിയാദ്: ഒരു മാസം മുൻപ് 15,000 രോഗ ബാധിതർ ഉണ്ടായിരുന്നിടത്ത് ഇന്ന് ഒരുലക്ഷത്തി പതിനായിരം രോഗികളോട് അടുക്കുകയാണ് ഗൾഫ് മേഖല. ദിവസവും നൂറിനു താഴെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന രാജ്യങ്ങൾ ഇന്ന് ആയിരവും രണ്ടായിരവും രോഗികളെ രജിസ്റ്റർ ചെയ്യുന്നു.

ഗൾഫ് രാജ്യങ്ങൾ മുഴുവനും വിപുലമായ പരിശോധനാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ തന്നെ രോഗികളെ കൂടുതൽ കണ്ടെത്തുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

ഗൾഫ് മേഖലയിൽ അറുനൂറിനടുത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 66 പേർ മലയാളികളാണ്. സൗദിയിൽ മാത്രം 264 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇയിൽ ഇതുവരെ 203 മരണങ്ങൾ സംഭവിച്ചു. ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചതും യുഎഇയിൽ ആണ്.

മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സൗദി തന്നെയാണ് കേസുകളിലും മുന്നിൽ. നാല്പത്തി മൂവായിരത്തോളം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. എന്നാൽ മുൻപത്തേക്കാൾ വലിയ മാർജിനിൽ രോഗ വിമുക്തരായവരുടെ കണക്കുകൾ പുറത്ത് വരുന്നത് ആശാവഹമാണ്.

2,520 പേരാണ് ഇന്ന് സൗദിയിൽ രോഗ വിമുക്തരായത്. 1,911 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 15,257 ആളുകൾ ഇതുവരെ സൗദിയിൽ കോവിഡ് വിമുക്തരായി.

രോഗബാധയുടെ കാര്യത്തിൽ ഏറെ പിറകിലായിരുന്ന ഖത്തറിൽ അതിവേഗമാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണ് ഇന്നത്തേത്. ആയിരത്തി അഞ്ഞൂറിനു മുകളിലാണ് ഇന്ന് രോഗ ബാധിതർ. ഇരുപത്തി അയ്യായിരത്തിനു മുകളിൽ രോഗ ബാധിതരിൽ 14 പേർ മരണപ്പെട്ടു. ആകെ സുഖപ്പെട്ടത് 3,019 പേരാണ്.

കുവൈറ്റിൽ രോഗബാധിതർ പതിനായിരം കടന്നു. ഇന്ത്യക്കാരെ കോവിഡ് വിടാതെ പിന്തുടരുന്ന രാജ്യം കൂടിയാണ് കുവൈറ്റ്. ഇന്ന് റിപ്പോർട്ട് ചെയ്ത ആയിരത്തോളം കേസുകളിൽ ഇന്ത്യക്കാർ 300 പേരാണ്. ഇതുവരെ മുവായിരത്തി നാനൂറോളം ഇന്ത്യക്കാർക്ക് കുവൈറ്റിൽ രോഗം പിടിപെട്ടിട്ടുണ്ട്. 75 മരണങ്ങൾ റിപ്പോർട്ട് ചെയ്ത കുവൈറ്റിൽ മുവായിരത്തിനു മുകളിൽ പേർ രോഗവിമുക്തരായിട്ടുണ്ട്.

രോഗീ സമ്പർക്കത്തെ തുടർന്നാണ് കൂടുതൽ ആളുകൾക്കും കൊറോണ പകരുന്നത്. പ്രത്യേകിച്ച് പ്രവാസികൾക്കിടയിൽ കോവിഡിന്റെ വ്യാപനം സുരക്ഷിത അകലം സ്വീകരിക്കുന്നതിലെ അപാകതകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെറിയ റൂമുകളിൽ എട്ടും പത്തും ആളുകൾ താമസിക്കുന്നത് രോഗവ്യാപനം വേഗത്തിലാക്കുന്നു.

ആദ്യ മരണം റിപ്പോർട്ട് ചെയ്ത ബഹറൈനിൽ പിന്നീട് രോഗം നിയന്ത്രണവിധേയമാകുന്ന കാഴ്ചയാണ് കണ്ടത്. ഇതുവരെ അയ്യായിരത്തി അഞ്ഞൂറിനടുത്ത് കോവിഡ് ബാധിതരും 9 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

ഒമാനിൽ മുവായിരത്തി എഴുനൂറ് എന്ന താരതമ്യേന കുറഞ്ഞ കണക്കുകളാണ് പുറത്തുവരുന്നതെങ്കിലും കേവലം 4.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് ഇത് ഉയർന്ന രോഗബാധിത നിരക്ക് തന്നെയാണ്. 17 മരണങ്ങളും 1,250 രോഗ വിമുക്തിയുമാണ് ഒമാനിൽ നിന്ന് റിപ്പോട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa