കൊറോണയെ പാടെ ഇല്ലാതാക്കാൻ സാധ്യമായ വഴികൾ ഇവയാണ്
ജിദ്ദ: കൊറോണയെയും അത് പോലുള്ള മറ്റു പകർച്ചാ വ്യാധികളെയും പാടെ ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.
ഒന്നാമതായി, രോഗാണുവാഹിയാകുന്ന സംഗതിയെ തിരിച്ചറിയുക എന്നതാണ് ഇതിൽ പ്രധാനം. നേരത്തെ സാർസ് വൈറസ് കേസിൽ രോഗാണുവാഹിയായ മൃഗങ്ങളെ തിരിച്ചറിയാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിരുന്നു.
രണ്ടാമതായി, വൈറസിനെ അപ്രത്യക്ഷമാക്കുന്നതിനുള്ള പ്രധാന മാർഗ്ഗം മനുഷ്യരിൽ രോഗ പ്രതിരോധ ശേഷി കൂട്ടുക എന്നതാണ്. ഇത് സ്വയം നേടിയെടുക്കുകയോ വാക്സിനുകൾ വഴിയോ സാധ്യമാക്കാം.
അതേ സമയം ചില വൈറസുകൾക്ക് അവയുടെ ജനിതകഘടനയും പാറ്റേണുകളും മാറ്റാനുള്ള ശേഷിയുണ്ട്. ഈ സാഹചര്യത്തിൽ വൈറസിനെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഒരു നിശ്ചിത സമയം വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ സീസൺ പനികൾക്കുള്ളത് പോലുള്ള പുതിയ വാക്സിനുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
കൊറോണ കോവിഡ്19 വൈറസിനുള്ള ചികിത്സകൾ കൊണ്ട് മാത്രം വൈറസിൻ്റെ വ്യാപനത്തെ തടയാൻ സാധിക്കുകയില്ലെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.
വൈറസിനുള്ള വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണം ആഗോള തലത്തിൽ പുരോഗമിക്കുകയാണെന്നും അത് ഫലം കാണുമെന്ന് തന്നെയാണു പ്രതീക്ഷയെന്നും മന്ത്രാലയ വാക്താവ് പറഞ്ഞു.
ഫലപ്രദമായ ഒരു വാക്സിൻ കണ്ടെത്തുന്നത് വരെ ജനങ്ങൾ അധികൃതർ നിർദ്ദേശിച്ച പ്രതിരോധ മാനദണ്ഡങ്ങൾ വിട്ടു വീഴ്‌ചയില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത അദ്ദേഹം നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa