കൊറോണയെ മറ്റു സീസൺ പകർച്ചപ്പനികൾ പോലെ കരുതി ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സമയമായെന്ന അഭിപ്രായത്തോട് സൗദി ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
ജിദ്ദ: കൊറോണയെ മറ്റു സീസൺ പകർച്ചപ്പനികൾ പോലെ കരുതി ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങേണ്ട സമയമായിരിക്കുന്നു എന്ന അഭിപ്രായത്തോട് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
കൊറോണ പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോകം ഈ വൈറസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള പരിശ്രമത്തിലാണ്. നമുക്ക് ഈ വൈറസിനെക്കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട്.
അതോടൊപ്പം സീസൺ പകർച്ചപ്പനികളെയും കൊറോണയെയും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. കാരണം സീസൺ പകർച്ചപ്പനികൾക്ക് വാക്സിനുകളും ചികിത്സകളും ലഭ്യമാണ്.
ഒരു പകർച്ചപ്പനി ഒരു കുടുംബത്തിലെ നിരവധി പേർക്ക് ബാധിക്കുകയും ആ കുടുംബത്തിലെ മൂന്നോ നാലോ പേർ ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് മരിക്കുകയും ചെയ്യുന്ന അവസ്ഥ വളരെ അപൂർവ്വമാണ്.
എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മികച്ച ഗ്യാരണ്ടിയും ഇതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളും ലഭ്യമാകുന്നത് വരെ ഈ സമൂഹത്തെ സംരക്ഷിക്കുന്നതിനാവശ്യമായത് സൗദി അറേബ്യ ചെയ്യുക തന്നെ ചെയ്യും.
എല്ലാ നടപടികളും മുൻകരുതലുകളും നമ്മൾ തുടരും. അതേ സമയം ഈ വൈറസിനെ നല്ല മുൻ കരുതലുകളോടെ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കുന്ന ദിവസം നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നതിൽ സംശയമില്ല.
കൊറോണ വൈറസ് ചികിത്സയിൽ ജപ്പാൻ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണങ്ങളും നടക്കുകയാണെന്നും സൗദിയിലെ കൊറോണ ചികിത്സാ ഗവേഷണ പ്രോട്ടോക്കോളിൽ അത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa