കോവിഡ്: സൗദിയിൽ ഒരുദിവസത്തെ മരണസംഖ്യ ആദ്യമായി 10 ന് മുകളിൽ; ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണവും, സുഖം പ്രാപിച്ചവരുടെ എണ്ണവും 2,500.
റിയാദ്: സൗദിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ഒറ്റ ദിവസത്തെ മരണസംഖ്യ ആദ്യമായി 10 ന് മുകളിൽ. 12 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കോവിഡ് ആദ്യമായി സ്ഥിരീകരിച്ചതിന് ശേഷം എല്ലാ ദിവസവും മരണംസംഖ്യ 10 ഓ അതിൽ കുറവോ മാത്രമേ ഇതുവരെയായി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ.
പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണവും, രോഗമുക്തി നേടിയവരുടെ എണ്ണവും ഇന്ന് ഏകദേശം ഒരേ നിലയിലാണ്. 2,532 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2,562 പേരാണ് രോഗമുക്തരായത്.
കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65,077 ആണ്. പുതുതായി രോഗം ബാധിച്ചവരിൽ ഏറ്റവും കൂടുതൽ പേർ ഇന്നും റിയാദിലാണ്. 714 പേരിലാണ് റിയാദിൽ രോഗം സ്ഥിരീകരിച്ചത്.
ജിദ്ദയിൽ 390 കേസുകളും, മക്കയിൽ 299 കേസുകളും മദീനയിൽ 193 കേസുകളും റിപ്പോർട്ട് ചെയ്തു. ബുറൈദ, ദമ്മാം, എന്നിവിടങ്ങളിൽ യഥാക്രമം 144 ഉം , 86 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകളിൽ 39 ശതമാനം സൗദികളും, 61 ശതമാനം വിദേശികളുമാണ്.
ഒരു സ്വദേശിയും, 11 വിദേശികളുമാണ് ഇന്ന് മരണപ്പെട്ടത്. 45 വയസ്സിനും 87 വയസ്സിനും ഇടയിലുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ മരണപ്പെട്ടവരുടെ ആകെ എണ്ണം 351 ആയി. 36,040 പേർ ഇതുവരെയായി രോഗമുക്തി നേടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa