Saturday, November 23, 2024
Saudi ArabiaTop Stories

ജമാൽ ഖശോഗിയുടെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മക്കൾ അറിയിച്ചു

ജിദ്ദ: കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗിയുടെ ഘാതകർക്ക് മാപ്പ് നൽകുന്നതായി ഖശോഗിയുടെ മക്കൾ അറിയിച്ചു. ഖശോഗിയുടെ ഒരു മകനായ സ്വലാഹ് ഖശോഗിയാണു ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

ഈ വിശുദ്ധ മാസത്തിലെ വിശുദ്ധ രാത്രിയിൽ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ച് ഞങ്ങളുടെ പിതാവിൻ്റെ ഘാതകർക്ക് മാപ്പ് നൽകുന്നതിനു ഞങ്ങൾ മക്കൾ തീരുമാനിച്ചതായാണു സ്വലാഹ് ഖശോഗി ട്വിറ്ററിൽ കുറിച്ചത്.

2018 ഒക്ടോബർ 2 നായിരുന്നു സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെടുന്നത്.

സംഭവത്തിൽ പ്രതികളായിരുന്നവരിൽ അഞ്ച് പേർക്ക് സൗദി പബ്ളിക് പ്രൊസിക്യൂഷൻ വധ ശിക്ഷ വിധിച്ചിരുന്നു. മൂന്ന് പേർക്ക് 24 വർഷത്തെ തടവും വിധിച്ചിട്ടുണ്ട്.

സൗദി ഭരണകൂട വിമർശകനായിരുന്ന ഖശോഗി അമേരിക്കയിലായിരുന്നു താമസം. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ എത്തിയ സമയത്ത് ഇദ്ദേഹത്തോട് സൗദിയിൽ വരുന്നതിനായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ആവശ്യപ്പെടുകയും പിന്നീടുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്