Saturday, November 23, 2024
Saudi ArabiaTop Stories

സൗദി സാധാരണ ജീവിതത്തിലേക്ക്; പള്ളികളിൽ ജുമുഅ ജമാഅത്തിനും യാത്രകൾക്കും ഓഫീസുകളിൽ ജോലിക്ക് ഹാജരാകാനും അനുമതി; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം;കർഫ്യൂ സമയത്തിൽ മാറ്റം

ജിദ്ദ: സുപ്രധാന തീരുമാനത്തിലൂടെ സൗദിയിൽ കൊറോണ നിയന്ത്രണങ്ങളിൽ സൗദി ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചു. സുപ്രധാനമായ പുതിയ തീരുമാനങ്ങൾ ഇവയാണ്:

പള്ളികളിൽ ജുമുഅ ജമാഅത്തിനു അനുമതി നൽകും: മെയ് 31 ഞായറാാഴ്ച മുതൽ പള്ളികളിൽ ജമാഅത്ത് നമസ്ക്കാരങ്ങൾക്കും വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്ക്കാരങ്ങൾക്കും അനുമതി. അതേ സമയം മക്കയിലെ പള്ളികളിൽ നമസ്ക്കാരങ്ങൾക്ക് അനുമതിയില്ല.

കർഫ്യൂവിൽ ഇളവ്: കർഫ്യൂവിൽ ഇളവ് താഴെ വിവരിക്കും പ്രകാരം മൂന്ന് ഘട്ടങ്ങളിലായാണു നടപ്പിലാക്കുക.

കർഫ്യൂ ഇളവ് ആദ്യ ഘട്ടം മെയ് 28 വ്യാഴം മുതൽ മെയ് 30 ശനി വരെ: രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി വരെ മക്കയൊഴികെയുള്ള രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും കർഫ്യൂവിൽ ഇളവ് അനുവദിച്ചു.

കർഫ്യൂവിൽ ഇളവുള്ള സമയങ്ങളിൽ രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകൾക്കിടയിലും പട്ടണങ്ങൾക്കിടയിലും സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാൻ അനുമതി.

കർഫ്യൂ ഇളവുള്ള സമയങ്ങളിൽ റീട്ടെയിൽ, ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളും മാളുകളുമെല്ലാം തുറന്ന് പ്രവർത്തിക്കാൻ അനുമതി.

അതേ സമയം ശാരീരികമായ അകലം പാലിക്കാൻ സാധിക്കാത്ത മേഖലകളായ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, ഹെൽത്ത് സെൻ്ററുകൾ, തീയേറ്ററുകൾ തുടങ്ങിവക്കുള്ള വിലക്ക് തുടരും.

കർഫ്യൂ ഇളവ് രണ്ടാം ഘട്ടം മെയ് 31 മുതൽ ജൂൺ 20 വരെ : രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെ കർഫ്യൂവിൽ ഇളവ് അനുവദിച്ചു. അതേ സമയം മക്കയിൽ ഇളവില്ല.

നേരത്തെ അനുമതി നൽകിയ എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും തുടർന്നും അനുമതി നൽകുന്നതോടൊപ്പം റെസ്റ്റോറൻ്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും കൂടി അനുമതി നൽകും. കൊറോണ മുൻകരുതലുകൾ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലി സ്ഥലങ്ങളിൽ ഹാജരാകാം. മന്ത്രാലയങ്ങളും ഓഫിസുകളും എല്ലാം തുറന്ന് പ്രവർത്തിക്കും.

കർഫ്യൂ ഇളവ് മൂന്നാം ഘട്ടം ജൂൺ 21 മുതൽ : ജൂൺ 21 മുതൽ സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങും. സൗദിയിൽ മക്കയൊഴികെയുള്ള മുഴുവൻ സ്ഥലങ്ങളിലും കർഫ്യൂ ആരംഭിക്കുന്നതിനു മുംബുള്ള അവസ്ഥ പുന:സ്ഥാപിക്കും.

ഉംറക്കും മദീന സന്ദർശനത്തിനുമുള്ള വിലക്കുകൾ തുടരും. എന്നാൽ ഇവ ഹെൽത്ത് ഡാറ്റയുടെ അടിസ്ഥാനത്തിൽ തുടർച്ചയായ പുന:പരിശോധനകൾക്ക് വിധേയമായിരിക്കും. ആഭ്യന്തര വിമാന സർവീസുകൾക്കുള്ള അനുമതി നൽകുന്നതോടൊപ്പം അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

അതേ സമയം എല്ലാ പ്രവർത്തനങ്ങളും ആരോഗ്യമേഖല നിർദ്ദേശിച്ച മുൻകരുതലുകൾക്കും നിയന്ത്രങ്ങൾക്കും വിധേയമായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്