സൗദിയിൽ ഞായറാഴ്ച മുതൽ പള്ളികളിൽ നമസ്ക്കാരം പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ അധികൃതർ വ്യക്തമാക്കി
ജിദ്ദ: ഈ വരുന്ന ഞായറാഴ്ച മുതൽ രാജ്യത്തെ പള്ളികളിൽ നമസ്ക്കാരങ്ങൾ പുനരാാരംഭിക്കുന്നതിനോടനുബന്ധിച്ച് പള്ളികളിൽ വരുന്നവരും പള്ളി പരിപാലിക്കുന്നവരും പാലിക്കേണ്ട നിബന്ധനകൾ സൗദി മതകാര്യ മന്ത്രി പ്രസിദ്ധീകരിച്ചു. നിബന്ധനകൾ താഴെ വിവരിക്കുന്നു:
ബാങ്ക് വിളിക്കുന്നതിൻ്റെ 15 മിനുട്ടുകൾക്ക് മുംബ് മാത്രമേ പള്ളികൾ തുറക്കാൻ പാടുള്ളൂ. നമസ്ക്കാരം കഴിഞ്ഞ് 10 മിനുട്ട് കഴിയുന്നതോടെ പള്ളികൾ അടക്കുകയും വേണം.
ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ 10 മിനുട്ട് സമയം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ജനലുകളും വാതിലുകളും നമസ്ക്കാര സമയം ആയത് മുതൽ അവസാനിക്കും വരെ തുറന്നിടണം.
പള്ളികളിലെ മുസ്ഹഫുകളും പുസ്തകങ്ങളും തത്ക്കാലം നീക്കം ചെയ്യണം. മൊബൈലിൽ ഖുർആൻ പാരായണം നടത്തുകയോ സ്വന്തമായി മുസ്ഹഫ് വീടുകളിൽ നിന്ന് കൊണ്ട് വരികയോ ചെയ്യാം.
പള്ളിയിൽ കയറും മുംബും പുറത്തിറങ്ങും മുംബും കൈകൾ നന്നായി കഴുകണം. നമസ്ക്കാരിക്കാനുള്ള മുസല്ലകൾ സ്വന്തമായി കൊണ്ട് വരണം. നമസ്ക്കാരത്തിനു ശേഷം അവ പള്ളിയിൽ ഉപേക്ഷിക്കരുത്.
പ്രായമേറിയവരും വിട്ടു മാറാത്ത രോഗങ്ങളുള്ളവരും വീട്ടിൽ നിന്ന് തന്നെ നമസ്ക്കരിക്കണം. 15 വയസ്സിനു താഴെയുള്ള കുട്ടികളെ പള്ളികളിൽ കൊണ്ട് വരരുത്.
എല്ലാവരും മാസ്ക്ക് ധരിക്കണം. നമസ്ക്കരിക്കുന്നവർ ചുരുങ്ങിയത് 2 മീറ്റർ അകലം പാലിച്ച് കൊണ്ടായിരിക്കണം സ്വഫ്ഫിൽ നിൽക്കേണ്ടത്.
വുളൂഉ വീട്ടിൽ നിന്ന് ചെയ്യണം. ഹസ്തദാനം അനുവദിക്കില്ല. പള്ളികളിൽ പ്രവേശിക്കുംബോഴും പുറത്തിറങ്ങുംബോഴും തിരക്കുണ്ടാക്കാൻ പാടില്ല.
പള്ളികളിലെ കുടി വെള്ളം ലഭ്യമാക്കുന്ന സംവിധാനങ്ങൾ നിർത്തലാക്കും. പള്ളികൾക്കുള്ളിൽ വെച്ച് വെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളോ സുഗന്ധമോ തുടങ്ങി ഒരു വസ്തുവിൻ്റെയും വിതരണം അനുവദിക്കില്ല. വുളു എടുക്കാനുള്ള സൗകര്യങ്ങളും ടോയ് ലറ്റ് സൗകര്യങ്ങളും ഒഴിവാക്കും.
പള്ളികളിൽ വെച്ചുള്ള മതാദ്ധ്യാപനങ്ങളും ഖുർആൻ മന:പാഠമാക്കൽ കോഴ്സുകളുമെല്ലാം നിർത്തലാക്കിയത് തുടരും. അതേ സമയം ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള റിമോട്ട് സ്റ്റഡി തുടരാം.
വെള്ളിയാഴ്ച ജുമുഅക്ക് തിരക്ക് വർധിക്കുമെന്നതിനാൽ അടുത്തുള്ള പള്ളികൾ അതിനായി തെരഞ്ഞെടുക്കണം. ജുമുഅക്ക് ഒന്നാം ബാങ്ക് സമയം പ്രവേശിക്കുന്നതിൻ്റെ 20 മിനുട്ട് മുംബ് നിർവ്വഹിക്കണം. ജുമുഅക്ക് 20 മിനുട്ട് മുംബ് പള്ളികൾ തുറക്കുകയും നമസ്ക്കാരം കഴിഞ്ഞ് 20 മിനുട്ടിനുള്ളിൽ പള്ളികൾ അടക്കുകയും വേണം. ജുമുഅയും ഖുതുബയും കൂടി 15 മിനുട്ടിലധികം നീളാൻ പാടില്ല, തുടങ്ങിയവയാണു പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa