Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ രണ്ടാം ഘട്ട കർഫ്യൂ ഇളവ് ആരംഭിച്ചു: ഈ ഘട്ടത്തിൽ അറിയേണ്ട പ്രധാനപ്പെട്ട 7 കാര്യങ്ങൾ ഇവയാണ്

ജിദ്ദ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സൗദിയിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിൽ ഇളവ് നൽകുന്നതിൻ്റെ രണ്ടാം ഘട്ടം മെയ് 31 ഞായറാഴ്ച മുതൽ ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ ലഭിച്ചിരുന്ന ഇളവുകൾക്ക് പുറമെ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇളവുകൾ താഴെ പറയും പ്രകാരമായിരിക്കും.

1. സൗദിയിൽ മക്കയൊഴികെയുള്ള മുഴുവൻ മേഖലകളിലും രാവിലെ 6 മണി മുതൽ വൈകുന്നേരം 8 മണി വരെയായിരിക്കും കർഫ്യൂവിൽ ഇളവ്. ഈ സമയത്ത് ആളുകൾക്ക് പുറത്തിറങ്ങാം. താമസിക്കുന്ന ഡിസ്റ്റ്രിക്കുകളിൽ വ്യായാമ നടത്തത്തിനു കർഫ്യൂ സമയത്തും അനുമതി.

2.മക്കയിൽ രാവിലെ 6 മുതൽ വൈകുന്നേരം 3 വരെയായിരിക്കും കർഫ്യൂവിൽ ഇളവ്. താമസിക്കുന്ന ഡിസ്റ്റ്രിക്കുകളിൽ വ്യായാമ നടത്തത്തിനു മുഴുവൻ സമയ അനുമതി. മക്കയിലേക്ക് പ്രവേശിക്കാനും മക്കയിൽ നിന്നുള്ളവർക്ക് പുറത്ത് പോകാനും അനുമതി. മക്കയിൽ ഐസൊലേഷൻ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിൽ ഇളവുകൾ അനുവദിക്കില്ല.

3.പള്ളികളിൽ ജുമുഅ ജമാഅത്ത് നമസ്ക്കാരങ്ങൾക്ക് അനുമതി. മസ്ജിദുന്നബവിയിലും പൊതു ജനങ്ങൾക്ക് പ്രവേശനാനുമതി. മക്കയിലെ മസ്ജിദുൽ ഹറാമിൽ നിലവിലുള്ള സ്ഥിതി തുടരും. മക്കയിലെ മറ്റു പള്ളികൾക്കുള്ള വിലക്കുകൾ തുടരും.

4.സ്വകാര്യ മേഖലയിലെയും സർക്കാർ മേഖലയിലെയും തൊഴിൽ മേഖലകളിൽ ജോലിക്ക് ഹാജരാകുന്നത് പുന:സ്ഥാപിച്ചു. സർക്കാർ ഓഫീസുകളീൽ ഘട്ടം ഘട്ടമായിട്ടായിരിക്കും ജീവനക്കാർ ഹാജരാകുക.

5.നേരത്തെ കർഫ്യൂ അല്ലാത്ത സമയത്ത് സ്വകാര്യ വാഹനങ്ങൾക്ക് സഞ്ചാരാനുമതി നൽകിയതിനു പുറമെ വിമാനം, ബസ്, റെയിൽ, കപ്പൽ തുടങ്ങിയവ മുഖേനയുള്ള പൊതു ഗതാഗതം പുന:സ്ഥാപിച്ചു. ടാക്സി കാറുകൾക്ക് നേരത്തെയുള്ള നിബന്ധനകളോടെയുള്ള അനുമതി തുടർന്നും ലഭിക്കും.

6.നേരത്തെ അനുവദിച്ചിരുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ചില കൂട്ടിച്ചേർക്കലുകൾ കൂടി അനുവദിക്കും. റെസ്റ്റോറൻ്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു അനുമതി ഇതിൽ ഉൾപ്പെടും.

7.മെയ് 31 ഞായറാഴ്ച മുതൽ ജൂൺ 20 ശനിയാഴ്ച വരെയായിരിക്കും രണ്ടാം ഘട്ട കർഫ്യൂ ഇളവ് പ്രാബല്യത്തിലുണ്ടാകുക. അതേ സമയം ശാരീരികാകലം പാലിക്കാൻ കഴിയാത്ത മേഖലകൾക്കുള്ള വിലക്കുകൾ തുടരും.

കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും കൊറോണ പ്രതിരോധ നടപടികളിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ നൽകേണ്ടി വരും. എല്ലാ സ്വദേശികളും വിദേശികളും നിർദ്ദേശിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്