Saturday, April 19, 2025
Saudi ArabiaTop Stories

ജിദ്ദയിൽ കർഫ്യൂ സമയം കൂട്ടി; പള്ളികളിൽ നമസ്ക്കാരം വീണ്ടും നിർത്തി വെച്ചു; മറ്റു മുൻകരുതൽ നടപടികൾ അറിയാം

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിൻ്റെയും തീവ്ര പരിചരണവിഭാഗത്തിൻ്റെയും നിലവിലെ സാഹചര്യങ്ങൾ പുന:പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജിദ്ദ നഗരത്തിൽ ആരോഗ്യ മുൻ കരുതൽ നടപടികൾ ശക്തിപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത് പ്രകാരം ശവ്വാൽ 14 അഥവാ ജൂൺ 6 ശനിയാഴ്ച മുതൽ ശവ്വാൽ 28 അഥവാ ജൂൺ 20 ശനിയാഴ്ച വരെയുള്ള 15 ദിവസക്കാലയളവിൽ താഴെ വിവരിക്കുന്ന മുൻകരുതൽ നടപടികൾ ജിദ്ദ നഗരത്തിൽ പ്രാവർത്തികമാകും.

1:ജിദ്ദ നഗരത്തിലെ കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയായി പുന:നിശ്ചയിച്ചു.

2:ജിദ്ദ നഗരത്തിലെ പള്ളികളിൽ നമസ്ക്കാരങ്ങൾ നിർത്തി വെച്ചു. 3:സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ഓഫീസുകളിൽ ജോലിക്ക് ഹാജരാകുന്നത് വിലക്കി.

4: ഹോട്ടലുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി.5: അഞ്ച് വ്യക്തികളിൽ കൂടുതൽ ഒരുമിച്ച് കൂടുന്നതിനു വിലക്ക്.

കര, വ്യോമ, റെയിൽ ഗതാഗതങ്ങൾക്കുള്ള അനുമതി തുടരും. കർഫ്യൂ അല്ലാത്ത സമയത്ത് ജിദ്ദയിലേക്കും ജിദ്ദയിൽ നിന്ന് പുറത്തേക്കുമുള്ള സഞ്ചാരാനുമതിയും തുടരും. കർഫ്യു ബാധകമല്ലാത്ത പ്രത്യേക വിഭാഗങ്ങൾക്ക് നേരത്തെയുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കും.

രാജ്യത്തെ മറ്റു നഗരങ്ങളിലും പട്ടണങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്നും അതേ സമയം റിയാദ് നഗരത്തിലെ രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് നിരീക്ഷിച്ചിട്ടുണ്ടെന്നും ഈ അവസ്ഥ തുടരുകയാണെങ്കിൽ റിയാദിലും മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വൈറസ് വ്യാപനം തുടരുകയാണെന്നും ആവശ്യമെങ്കിൽ പഴയ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലായം മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്