സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും പുതിയ രോഗികളുടെയും എണ്ണത്തിൽ വർദ്ധനവ്
ജിദ്ദ: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ രാജ്യത്തെ മുഴുവൻ ജനങ്ങളോടും ആവർത്തിച്ച് അഭ്യർത്ഥിച്ചു.

ഓരോരുത്തരും കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും അത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.
അതേ സമയം സൗദിയിൽ നിലവിൽ കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. 1484 പേരാണു ഇപ്പോൾ ഗുരുതരാവസ്ഥയിൽ കഴിയുന്നതെന്ന് ആരോഗ്യ മന്ത്രാലയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പുതുതായി 3121 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 98,869 ആയി ഉയർന്നു. ഇതിൽ 26,402 ആക്റ്റീവ് കേസുകളാണു ചികിത്സയിലുള്ളത്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും ഇന്ന് കഴിഞ്ഞ ദിവസത്തേക്കാൾ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

അതോടൊപ്പം, വലിയ ആശങ്കകൾ ഉയർത്തിക്കൊണ്ട് പുതുതായി 34 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെയുണ്ടായ കൊറോണ മരണം 676 ആയി ഉയർന്നിട്ടുണ്ട്. ഓരോരുത്തരും ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ഭേദമയാവരുടെ എണ്ണം 1175 ആണ്. അതോടെ ഇത് വരെ 72.6 ശതമാനം പേർക്ക് രോഗം ഭേദമായി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
