വരും ദിനങ്ങളിൽ സൗദിയിൽ കൊറോണ കേസുകളും മരണവും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രാലയ വാക്താവ്
ജിദ്ദ: കൊറോണ വൈറസ് ബാധയുടെ എണ്ണവും വൈറസ് മൂലമുള്ള മരണവുമെല്ലാം വരും ദിനങ്ങളിൽ വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
ലോക ജനതയിൽ 20 ശതമാനം മുതൽ 45 ശതമാനം വരെയാളുകൾക്ക് ഇതിനകം കൊറോണ ബാധിച്ചിരിക്കാമെന്നാണു ചില പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് സൂചിപ്പിച്ചു.
കൃത്യമായ കൊറോണാ ലബോറട്ടറി പരിശോധന ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, സ്വിഹതീ എന്ന ആപ്പ് വഴി അപേക്ഷിച്ച് പ്രത്യേക കേന്ദ്രങ്ങളിലും മൊബൈൽ യൂണിറ്റുകളിലും നൽകുന്ന സേവനം ഉപയോഗപ്പെടുത്താമെന്നും 40 ശതമാനം വൈറസ് വ്യാപനവും സാമൂഹിക ഇടപഴകൽ മൂലമുണ്ടായതാണെന്നും അതിൽ കൂടുതൽ പേരും യുവാക്കളാണെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ കൊറോണ മൂലം 37 പേർ മരിച്ചു. നിലവിൽ 1686 രോഗികളാണു ഗുരുതരാവസ്ഥയിലുള്ളത്. ഇത് വരെ സൗദിയിൽ കൊറോണ മൂലം മരിച്ചവരുടെ എണ്ണം 783 ആയി ഉയർന്നു.
3288 പേർക്കാണു സൗദിയിൽ പുതുതായി കൊറോണ ബാധിച്ചത്. ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 1,08,571 ആയി. ഇതിൽ 76,339 പേർക്ക് ഇതിനകം രോഗം ഭേദമായി. 31,449 കേസുകളാണു നിലവിൽ ചികിത്സയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa