മുൻകരുതലുകൾ പാലിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ കൊറോണ വ്യാപനം ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അവസാനിക്കും; രോഗമുക്തി നേടിയവരേക്കാൾ നാലിരട്ടിയോളം പേർക്ക് പുതുതായി വൈറസ് ബാധ
ജിദ്ദ: രാജ്യത്തെ കൊറോണ വ്യാപനം അവസാനിക്കുന്നത് പ്രധാനമായും പ്രതിരോധ നടപടികൾ പാലിക്കുന്നതിനനുസരിച്ചായിരിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവൻ്റീവ് ഹെൽത്ത് വിഭാഗം അണ്ടർസെക്രട്ടറി ഡോ:അബ്ദുല്ല അസീരി പറഞ്ഞു.
മുൻകരുതലുകൾ പാലിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൊറോണ വ്യാപനം ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അവസാനിക്കും. എന്നാൽ മുൻകരുതലുകൾ അവഗണിച്ചാൽ വൈറസ് വ്യാപനം തുടരുകയും ചെയ്യും.
അതേ സമയം വൈറസ് ബാധിക്കുന്ന ആളുകളുടെ എണ്ണത്തേക്കാൾ പ്രാധാന്യം ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗങ്ങളിൽ കഴിയുന്ന കേസുകൾക്കാണെന്നും റിയാദിലെ കൊറോണ വ്യാപനത്തിൻ്റെ തോത് കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള കേസുകൾ തിരിച്ചറിയുന്ന കാര്യത്തിൽ സ്ഥിതി മെച്ചമാണെന്നും ഡോ: അബ്ദുല്ല അസീരി ഓർമ്മിപ്പിച്ചു.
ഇന്നത്തെ സൗദിയിലെ കൊറോണ റിപ്പോർട്ട് പ്രകാരം രോഗമുക്തി നേടിയവരേക്കാൾ നാലിരട്ടിയോളം പേർക്ക് പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. 3921 പേർക്കാണു പുതുതായി രോഗം ബാധിച്ചത്. അതേ സമയം രോഗമുക്തി ലഭിച്ചത് 1010 പേർക്കാണ്.
സൗദിയിൽ ഇത് വരെ 1,19,942 പേർക്കാണു കൊറോണ ബാധിച്ചത്. അതിൽ 81,029 പേർ സുഖം പ്രാപിച്ചു. 38,020 പേരാണു നിലവിൽ ചികിത്സയിലുള്ളത്. 1820 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 36 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ഇത് വരെയുള്ള കൊറോണ മരണം 893 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa