Tuesday, November 26, 2024
GCCSaudi ArabiaTop Stories

ദയവ് ചെയ്ത് ഉപദ്രവിക്കരുത്; ഇത് സർക്കാരുകളോട് പ്രവാസികൾക്ക് വേണ്ടിയുള്ള അപേക്ഷയാണ്

ജിദ്ദ: ഏതെങ്കിലും രീതിയിൽ നാടണയാൻ ശ്രമിക്കുന്ന പ്രവാസികളെ മാനസികമായി തളർത്തുന്ന പല തീരുമാനങ്ങളും ഇടക്കിടെ കേന്ദ്ര, കേരള സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് പറയാതെ വയ്യ.

പുതുതായി ഏറെ പ്രതിഷേധം ഉയർത്തിയ തീരുമാനമാണു ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം യാത്രാനുമതി നൽകുക എന്ന് കേരള സർക്കാർ തീരുമാനിച്ചു എന്നത്.

നിലവിലെ ഗൾഫിലെ സാഹചര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ജോലി നഷ്ടപ്പെട്ട ആയിരങ്ങൾ, ആഴ്ചകളായി ജോലിയില്ലാതെ റൂമിലിരുന്ന് ഉള്ള പണം തീർന്ന് പോയവർ, ആശുപത്രികളിലെ തിരക്കുകൾ കാരണം ടെസ്റ്റ് നടത്താനും റിസൽറ്റ് ലഭിക്കാനുമെല്ലാമുള്ള പ്രയാസങ്ങൾ, സ്വന്തം ചെലവിൽ ടെസ്റ്റ് നടത്തുന്നതിനുള്ള വലിയ ചെലവ്, നിലവിൽ ബുക്ക് ചെയ്ത ചാർട്ടേഡ് വിമാനങ്ങൾ പറക്കുന്നതിനു മുംബ് ടെസ്റ്റ് റിസൽറ്റ് ലഭിക്കാനുള്ള പ്രയാസം , എന്ന് തുടങ്ങി നിരവധി പ്രതിസന്ധികൾ പ്രവാസികൾ നേരിടേണ്ടി വരും.

അതേ സമയം ഈ നിയമം വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം വരുന്ന പ്രവാസികൾക്ക് ഇല്ല എന്നതും ശ്രദ്ധേയമാണ്. ‘വന്ദേ ഭാരത് മിഷനു കീഴിൽ വരുന്നവർക്ക് കൊറോണ ബാധിക്കില്ലേ? ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമേ കൊറോണ ബാധിക്കുകയുള്ളൂ?’ എന്നാണു ഈ സന്ദർഭത്തിൽ പ്രവാസി സമൂഹം സർക്കാരിനോട് ചോദിക്കുന്നത്.

വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളുടെ എണ്ണക്കുറവ് തന്നെ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണെന്നിരിക്കെയാണു എങ്ങനെയെങ്കിലും നാടു പിടിക്കുന്നതിനു ചാർട്ടേഡ് വിമാനങ്ങളിൽ കയറിപ്പറ്റുന്നവരെ ദ്രോഹിക്കുന്ന രീതിയിലുള്ള സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനം. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവരെല്ലാം ധനികരല്ലെന്നും മറിച്ച് വന്ദേ ഭാരത് മിഷനു കീഴിലെ വിമാനങ്ങൾ കുറവായത് കാരണം അടിയന്തിരമായി നാട്ടിലെത്തേണ്ട രോഗികളും ഗർഭിണികളും തൊഴിൽ നഷ്ടപ്പെട്ടവരുമടങ്ങുന്ന സാധാരണക്കാരായ വലിയ ഒരു സമൂഹമാണുള്ളതെന്നും അധികൃതർ മറക്കരുത്.പ്രവാസികളെ വലിയ പ്രയാസത്തിലേക്ക് തള്ളിയിടുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്നാണു പ്രവാസി സമൂഹത്തിനു ഈ സന്ദർഭത്തിൽ ആവശ്യപ്പെടാനുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്