കൊറോണയെ തടയുന്നതിനുള്ള പ്രതിരോധ ശേഷി നേടുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ വിവരിച്ച് സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ; ജിദ്ദയിൽ മാത്രം ഇന്ന് റിപ്പോർട്ട് ചെയ്തത് 18 മരണം
ജിദ്ദ: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് ഇത് വരെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും ഉയർന്നത്. 4919 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,41,234 ആയി ഉയർന്നു. 2122 പേർക്കു കൂടി രോഗം ഭേദമായതോടെ ഇത് വരെ 91,662 പേർക്ക് രോഗമുക്തി ലഭിച്ചു.
പുതുതായി 39 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ഇത് വരെയുള്ള കൊറോണ മരണം 1091 ആയി ഉയർന്നു. 48,481 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1859 പേർ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജിദ്ദയിൽ മാത്രം മരിച്ചത് 18 രോഗികളാണെന്നത് മാസ്ക്ക് ധരിക്കുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതിനും ഓരോരുത്തരും സ്വയം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിൻ്റെ പ്രാധാന്യമാണു ഓർമ്മിപ്പിക്കുന്നത്. റിയാദിൽ 7, മക്കയിൽ 5, ദമാമിൽ 3, അന്നഈരിയ, സകാക, മദീന, ഹായിൽ, നജ്രാൻ, അറാർ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു മരണം സംഭവിച്ചത്.
അതേ സമയം കൊറോണ പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ യുവാക്കാൾ അലംഭാവം കാണിക്കുന്നതായി സൗദി ആാരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി കെയർ അണ്ടർ സെക്രട്ടറി ഡോ: ഖാലിദ് അബ്ദുൽ കരീം പറഞ്ഞു. യുവാക്കൾ ആരോഗ്യമുള്ളവരാണെങ്കിലും അവർക്ക് കൊറോണ ബാധിച്ചിരിക്കാമെന്നും അത് കൊണ്ട് തന്നെ അവർ പ്രതിരോധ മുൻകരുതലുകൾ പാലിക്കാത്തത് മറ്റുള്ളവരിലേക്ക് വൈറസ് ബാധിക്കാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വന്തം ആരോഗ്യത്തിൻ്റെ സംരക്ഷണത്തിനായി യുവാക്കൾ വ്യായാമങ്ങളിൽ ഏർപ്പെടണം. അതോടൊപ്പം നല്ല ഭക്ഷണങ്ങൾ കഴിക്കുകയും കുടുംബാംഗങ്ങളുടെ ആരോഗ്യം കൂടി സംരക്ഷിക്കുകയും വേണം. മാറാവ്യാധികൾ ഉള്ളവർ മരുന്ന് കഴിക്കുന്നതിലും ആരോഗ്യനിർദ്ദേശങ്ങൾ പാലിക്കുന്നതിലും ശ്രദ്ധിക്കണമെന്നും അവ പാലിക്കുന്നത് വഴി അഥവാ വൈറസ് പിടി പെടുകയാണെങ്കിൽ പെട്ടെന്ന് ഗുരുതരാവസ്ഥയിലാകുന്ന സ്ഥിതി ഇല്ലാതാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതോടൊപ്പം കൊറോണയെ തടയുന്നതിനായി പ്രതിരോധ ശേഷി നേടുന്നതിനായുള്ള ചില മാർഗ്ഗങ്ങളും അദ്ദേഹം നിർദ്ദേശിച്ചു. ദിവസവും 8 മണിക്കൂർ ഉറങ്ങുക, ദിവസവും 8 ഗ്ളാസ് വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, പുക വലി ഒഴിവാക്കുക, പച്ചക്കറി, ഫ്രൂട്സ്, പാലുല്പന്നങ്ങൾ, പയറു വർഗങ്ങൾ എന്നിവ കഴിക്കുക എന്നീ കാര്യങ്ങളാണു പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഡോ:ഖാലിദ് നിർദ്ദേശിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa