ഡെക്സമെതസോൺ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കരുത്; ഒന്നര ലക്ഷവും കടന്ന് സൗദിയിലെ കൊറോണ ബാധിതർ; ഇന്ന് കൂടുതൽ രോഗികളും സ്വദേശികൾ
ജിദ്ദ: ഒന്നര ലക്ഷവും കടന്ന് സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം കുറവില്ലാതെ മുന്നോട്ട് . പുതുതായി 4301 പേർക്ക് കൂടി വൈറസ് ബാധിച്ചതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,50,292 ആയി ഉയർന്നു. 1849 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 95,764 ആയിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 1184 ആയി ഉയർന്നിരിക്കുകയാണ്. 53,344 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 1941 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി കൊറോണ ബാധിച്ചവരിൽ 57 ശതമാനവും സൗദികളാണെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. അതിൽ 31 ശതമാനവും സ്ത്രീകളാണ്.
അതേ സമയം കൊറോണ ചികിത്സാ പ്രോട്ടോക്കോളിൽ പുതുതായി ഉൾപ്പെടുത്തിയ ഡെക്സമെതസോൺ എന്ന മരുന്ന് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദി ആരോഗ്യ മന്ത്രാലയ മെഡിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി അഹ്മദ് അൽ ജദീഅയാണു ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
ഡെക്സമെതസോൺ നേരത്തെ തന്നെ വിവിധ രോഗങ്ങൾക്ക് ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഒരിക്കലും ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ അതുപയോഗിക്കരുതെന്നും വിവിധ പാർശ്വ ഫലങ്ങൾ ഉള്ളതിനാൽ ഒരു മരുന്നും മെഡിക്കൽ നിർദ്ദേശമില്ലാതെ ഉപയോഗിക്കരുതെന്നും അഹ്മദ് അൽ ജദീഅ ഓർമ്മിപ്പിച്ചു.
ഡെക്സമെതസോൺ കൊറോണ വൈറസിനുള്ള ഒരു പ്രായോഗിക ചികിത്സയല്ലെന്നും അതേ സമയം ഡെക്സമെതസോൺ ഉപയോഗിക്കുന്നത് കൊറോണ രോഗികളിലെ മരണ നിരക്ക് 35 ശതമാനം വരെ കുറക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അഹ്മദ് അൽ ജദീഅ പറഞ്ഞു. കഴിഞ്ഞ ദിവസം മുതലായിരുന്നു സൗദി ആരോഗ്യ മന്ത്രാലയം ഡെക്സമെതസോൺ കൊറോണ ചികിത്സാ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa