സൗദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ സ്വീകരിക്കൽ ഇനി ഓരോരുത്തരുടെയും ഉത്തരവാദിത്തം.
റിയാദ്: സൗദി അറേബ്യ ഇന്ന് മുതൽ സമ്പൂർണമായി കർഫ്യു പിൻവലിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 26 മുതലാണ് രാജ്യത്ത് ഘട്ടം ഘട്ടമായി കർഫ്യു പിൻവലിച്ചു തുടങ്ങിയത്. നിരവധി മാർഗ നിർദ്ദേശങ്ങളോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നത്. എങ്കിലും മക്കയും മദീനയും ഇപ്പോഴും ഉംറക്കും തീർത്ഥാടനത്തിനും സജ്ജമല്ല.
കൊറോണ പകർച്ച വ്യാധി പൂർണമായി വരുതിയിലാകുന്നതിനു മുൻപാണ് മൂന്ന് മാസങ്ങൾക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നത്. ദിവസവും നാലായിരവും അതിലധികവും കൊറോണ ബാധിതരും നാല്പതോളം മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സാമൂഹിക വ്യാപനം അത്രമേൽ ശക്തമല്ലെങ്കിലും വരും നാളുകൾ ജനങ്ങളുടെ ഇടപെടലും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുള്ള പ്രതിരോധ നടപടികളും മൂലം മാത്രമേ കൊറോണയെ തുരത്താൻ കഴിയു.
വ്യത്യസ്ത രാജ്യക്കാരും സംസ്കാരങ്ങളും വിവിധ പ്രായക്കാരും ഒരുമിച്ചുകൂടുന്ന അങ്ങാടികളും പൊതു ഇടങ്ങളും വാഹനങ്ങളും കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്. ഏറ്റവും അത്യാവശ്യത്തിനല്ലാതെ അങ്ങാടികളും സൂപ്പർ മാർക്കറ്റുകളും കയറിയിറങ്ങുന്നത് കുറക്കണം. ജനത്തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കുക.
ബാർബർ ഷോപ്പുകളും ബ്യൂട്ടീ പാർലറുകളും അടക്കമുള്ളവ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കൊറോണക്കെതിരെ ഇനിയും ജാഗ്രത പുലർത്തിയേ പറ്റൂ. ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വരാൻ അനൂകൂലമായ സാഹചര്യമാണുള്ളതെന്ന കോവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ നിർദ്ദേശപ്രകാരമാണ് കർഫ്യൂ പിൻവലിക്കാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.
അതേസമയം പുറത്തിറങ്ങുന്നതിന് കൃത്യമായ നിബന്ധനകളും നിർദ്ദേശങ്ങളുമുണ്ട്. മാസ്കിടാതെ പുറത്തിറങ്ങുന്നവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴയോ നാടുകടത്തലോ തുടരും. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് കനത്ത പിഴകൾക്ക് പുറമേ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. 50 ലേറെ ആളുകൾ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.
അന്താരാഷ്ട്ര വിമാന സർവീസ്, ഇരു ഹറമുകളിലേയും സന്ദർശനം, സന്ദർശന വിസ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സർക്കാർ തീരുമാനം.
ലോക് ഡൗണും കർഫ്യുവും പിന്നിട്ട് രാജ്യം വാണിജ്യ സാധ്യതകൾ തേടുമ്പോൾ അത് പ്രവാസി തൊഴിലാളികളുടെ ജീവിതത്തിലും വെളിച്ചം വിതറും. തൊഴിലും ശമ്പളവുമില്ലാതെ താമസ സ്ഥലങ്ങളിൽ അടഞ്ഞു കിടക്കുന്നവർക്ക് മാനസിക സമ്മർദ്ദം കുറക്കുന്നതു കൂടിയായിരിക്കും ഈ തീരുമാനങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa