Friday, May 17, 2024
FeaturedGCCTop Stories

പ്രവാസലോകത്ത് കണക്കിൽ പെടാതെ നെഞ്ച്പൊട്ടി മരിക്കുന്നവർ.

റിയാദ്: കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നമ്മുടെ കയ്യിലുണ്ട്. പക്ഷെ ഇനിയൊരിക്കൽ കൂടി സ്വന്തം നാട് കാണാനാകുമോ എന്ന ആശങ്കയിൽ, സ്വന്തം മാതാപിതാക്കളെയും നൊന്തുപെറ്റ മക്കളെയും ജീവിതം പകുത്തു നൽകിയ ഭാര്യയേയും ഇനിയും കാണാൻ കഴിയില്ലേ എന്ന വേദനയിൽ ഹൃദയം പൊട്ടി മരിക്കുന്ന പ്രവാസികളുടെ കണക്ക് ആരാണ് സൂക്ഷിക്കുന്നത്.

കോവിഡ് ബാധിച്ച് ഗൾഫിൽ മാത്രം മരിച്ച പ്രവാസികൾ ഇരുനൂറിനു മുകളിലാണ്. അന്നം തേടിയുള്ള യാത്രയിൽ ഉറ്റവരെ തനിച്ചാക്കി ഇനിയൊരു മടങ്ങി വരവില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ അവിടെ അസ്തമിക്കുന്നത് പലപ്പോഴും ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്.

കോവിഡ് പകർച്ചവ്യാധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ അതിന്റെ ഏറ്റവും വലിയ ഇരകകളായവരിൽ ഒരു കൂട്ടർ പ്രവാസികളായിരുന്നു. ഒരു റൂമിൽ ചെറിയ ബെഡ് സ്പെയ്സിൽ മാത്രം ഒതുങ്ങിക്കൂടി മുണ്ട് മുറുക്കിയുടുത്ത് നാട്ടിലുള്ള കുടുംബങ്ങൾക്ക് വെളിച്ചമേകുന്ന ലക്ഷക്കണക്കിനു പ്രവാസികളുണ്ട്. പത്തും പതിനഞ്ചും പേർക്ക് ഒരു ടോയ്ലറ്റ് മാത്രമുള്ള, സമയം നിശ്ചയിച്ച് മാത്രം ബാത്‌റൂം ഉപയോഗിക്കുന്ന അനേകം പേർ.

കൂട്ടത്തിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചാൽ നെഞ്ചുരുകി, ‘എല്ലാം വരുന്നിടത്ത് വെച്ച് കാണാം’ എന്ന് ചിന്തിച്ച് ഒതുങ്ങിക്കൂടുന്ന പതിനായിരങ്ങൾ. അവരുടെ നെഞ്ചിടിപ്പിന്റെ വിലയാണ് ഈ കൊറോണ കാലത്തെ അനേകം ഹൃദയാഘാതം വന്നുള്ള മരണങ്ങൾ. പ്രതീക്ഷയറ്റ നിരവധി സോഷ്യൽ മീഡിയാ സന്ദേശങ്ങൾ നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കുന്നു.

ഇന്നും കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടിട്ടുണ്ട്. അനില്‍കുമാര്‍ സുകുമാരന്‍ എന്ന നാല്പത്തി ഒൻപതുകാരൻ. സാല്‍മിയയിലെ സാറ പ്ലാസ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഡ്രൈവര്‍ ആയിരുന്നു. റിയാദിൽ മെയ് 29 ന് മരണപ്പെട്ട തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം കള്ളിപ്പാറ സ്വദേശി പ്രദീപ് എന്ന കുട്ടന്റെ (42) മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ചത്. കാറിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

വിദേശത്ത് ഉറ്റവരില്ലാതെ ഒറ്റപ്പെട്ടും നിരാശയിലും ജീവിതം അവസാനിപ്പിക്കുന്നവരും നിരവധിയാണ്. മനസ്സു തകരാതെ പിടിച്ചു നിൽക്കുക എന്ന ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുന്നിലുള്ളു. മാനസിക സമ്മർദ്ദങ്ങൾക്ക് കീഴ്പെടാതെ അതിജീവനത്തിന്റെ പുതിയ വഴികൾ കണ്ടെത്തുക. ഉറ്റവരോടും സുഹൃത്തുക്കളോടും കൂടുതൽ സംസാരിക്കുക.

മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്ക് സർക്കാരും വിവിധ സംഘടനകളും നിരവധി കൗൺസലിംഗ് പ്രോഗ്രാമുകളാണ് സംഘടിപ്പിക്കുന്നത്. ഡോക്ടർ മാരോട് സംസാരിക്കാനും ആശങ്കകൾ ദൂരീകരിക്കാനും ഇതിലൂടെ സാധിക്കും.

കേന്ദ്ര സർക്കാരിന്റെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നാട്ടിലേക്ക് പോവാൻ നിരവധി മാർഗ്ഗങ്ങൾ തുറന്നതോടെ പ്രവാസ ലോകത്ത് തുടക്കത്തിലുണ്ടായിരുന്ന ആശങ്കകൾക്ക് ഒരു പരിധി വരെ കുറവ് വന്നിട്ടുണ്ട്.

നൂറോളം പേരാണ് ഈ കൊറോണ കാലയളവിൽ മാത്രം ഹൃദയാഘാതം മൂലം വിവിധ ഗൾഫ് രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങിയത്. അമിതമായ ആശങ്കയും ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതും കോവിഡ് വരുമോ എന്ന ആധിയും അടക്കം സാരവും നിസാരവുമായ നിരവധി കാരണങ്ങൾ നെഞ്ചു തകർക്കുമ്പോൾ നാം അതിജീവിക്കുമെന്ന ദൃഢനിശ്ചമാണ് നമ്മെ നയിക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa