വൈറസ് പകരുന്നതിൽ രക്ത ഗ്രൂപ്പിനു പങ്കില്ല; കൊറോണ വൈറസ് ഏഴ് തരം; സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 50 മരണം
ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിനു രക്ത ഗ്രൂപ്പുകളുമായി ബന്ധമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി. വൈറസ് വായുവിലൂടെ പകരുന്നില്ലെന്നും സ്രവങ്ങളിലൂടെയാണു പകരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകത്ത് ഏഴ് ഇനത്തിൽ പെട്ട കൊറോണ വൈറസാണുള്ളത്. അതിൽ ഭൂരിഭാഗവും മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. കൊറോണ വൈറസ് വ്യാപനം അവസാനിച്ചിട്ടില്ല, മറിച്ച് ഇപ്പോഴും തുടരുന്നുണ്ട്.
ഒരാൾ കൊറോണയിൽ നിന്ന് മുക്തി നേടുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. വൈറസിൻ്റെ അവസ്ഥയും വൈറസ് നശിക്കലും, രോഗ കാലദൈർഘ്യം, ചികിത്സിക്കുന്നയാളുടെ മനോഭാവം എന്നിവ അതി പ്രധാനമാണ്. വൈറസ് ബാധയുടെ പ്രതിഫലനങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് സൂചിപ്പിച്ചു.
സൗദിയിൽ ഇന്ന് 50 കൊറോണ മരണമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1649 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ള 58,048 പേരിൽ 2278 പേരാണു ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 4387 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,90,823 ആയി ഉയർന്നു. ഇതിൽ 1,30,766 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്. നേരത്തെ പ്രതിദിന കൊറോണ ബാധ വലിയ തോതിൽ റിപ്പോർട്ട് ചെയ്തിരുന്ന വിവിധ സ്ഥലങ്ങളിൽ ഇന്ന് വൈറസ് ബാധ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം ഹുഫൂഫിൽ വൈറസ് ബാധിതരുടെ എണ്ണം 980 ആയി ഉയർന്നിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa