Tuesday, September 24, 2024
GCCTop Stories

കുറഞ്ഞ രോഗ വ്യാപന നിരക്ക് പ്രതീക്ഷ നൽകുന്നു; ഗൾഫ് രാജ്യങ്ങൾ പതിയെ സാധാരണ നിലയിലേക്ക്.

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിലവിൽ വന്ന കർഫ്യുവും ലോക്ഡൗണും പിൻവലിച്ച് ഗൾഫ് രാജ്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ രോഗ വ്യാപന നിരക്ക് പ്രതീക്ഷ നൽകുന്നതായി വാർത്തകൾ.

സൗദി അറേബ്യയിൽ കോവിഡ് 19 രണ്ട് ലക്ഷം കടന്ന് 20,1801 രോഗബാധിതരിലെത്തുമ്പോൾ പ്രതീക്ഷയേകുന്നത് ഒരു ലക്ഷത്തി നാല്പതിനായിരത്തിനു മുകളിൽ രോഗ വിമുക്തരായവരാണ്. ഇതുവരെ സൗദിയിൽ 1,802 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 50 മരണങ്ങളാണ് സൗദിയിൽ സ്ഥിരീകരിക്കപ്പെട്ടത്.

സൗദി അറേബ്യക്ക് തൊട്ടു പിറകെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. 98,653 പേരാണ് ഇതുവരെ രോഗബാധിതരായത്. ഇതിൽ 88,583 പേരും സുഖം പ്രാപിച്ചത് പ്രവാസികൾ അടക്കമുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവർക്ക് ഏറെ ആശ്വാസകരമാണ്.

നിലവിൽ ഖത്തറിൽ 9,949 ആക്റ്റീവ് കേസുകൾ മാത്രമാണുള്ളത്. 121 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇന്ന് 786 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണങ്ങൾ ലഘൂകരിച്ച് രാജ്യം സാധാരണ നിലയിലേക്ക് മാറുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷയേകുന്നു.

യുഎഇയിൽ കോവിഡ് വ്യാപനം തടയുന്നതിൽ രാജ്യം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. 49,469 രോഗികളെയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യം ഫലപ്രദമായ രീതിയിൽ പകർച്ച വ്യാധിയെ പ്രതിരോധിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ക്രിട്ടിക്കൽ സ്റ്റേജിൽ ഒരാൾ മാത്രമാണ് യുഎഇയിൽ ഉള്ളത്.

35 ലക്ഷത്തിനു മുകളിൽ കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു. നിലവിൽ 10,488 ആക്ടീവ് കേസുകളാണ് ഉള്ളത്. 317 മരണങ്ങളാണ് ഇതുവരെ യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. ശക്തമായ നിയന്ത്രണങ്ങളോടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.

എന്നാൽ ഒമാനിലെ സ്ഥിതി നേരെ മറിച്ചാണ്. ഇന്ന് മാത്രം രാജ്യത്ത് 1,374 പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തു. മറ്റിതര ഗൾഫ് രാജ്യങ്ങൾ കോവിഡ് രോഗ ബാധയിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ ദിവസവും വിരലിലെണ്ണാവുന്ന രോഗികൾ മാത്രം റിപ്പോർട്ട് ചെയ്തിരുന്ന രാജ്യമായിരുന്നു ഒമാൻ. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു.

രാജ്യം ആശങ്കാജനകമായ പരിതസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന് ഒമാൻ ആരോഗ്യമന്ത്രി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പുതിയ അഞ്ച് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കുവൈറ്റിൽ രോഗബാധിതരിൽ പകുതിയോളവും പ്രവാസികളാണ്. ഇന്ന് 813 രോഗ ബാധിതരിൽ 385 പേരും പ്രവാസികളാണ്. 48,672 പേർക്ക് കുവൈറ്റിൽ ഇതുവരെ രോഗം ബാധിച്ചതിൽ 39,276 പേർ രോഗ വിമുക്തി നേടി. 360 പേരാണ് ഇതുവരെ മരണപ്പെട്ടത്. രാജ്യത്ത് ലോക്ഡൗണിനു ഇളവു നൽകിയ ശേഷം ഷോപ്പിംഗ് മാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഗൾഫ് രാജ്യങ്ങളിൽ താരതമ്യേന കോവിഡ് വ്യാപനം കുറഞ്ഞ രാജ്യമാണ് ബഹറൈൻ, 27,837 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിതർ. നൂറിനു താഴെയാണ് മരണ നിരക്ക്. ഇതിൽ തന്നെ 22,583 പേരും രോഗ വിമുക്തരായിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ഒരു രോഗി മാത്രമാണ് രാജ്യത്തുള്ളത് എന്നതും ഏറെ ശുഭകരമായ വാർത്തയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q