തളർന്ന് വീണ മലയാളിയെ കുളിപ്പിക്കുന്നതും പരിചരിക്കുന്നതും സ്വന്തം കഫീൽ; ആടു ജീവിതം മാത്രമല്ല; അറബികളുടെ സ്നേഹം മതിയാവോളം അനുഭവിക്കുന്നവരും ഇവിടെയുണ്ട്
ദമാം: തൻ്റെ മലയാളിയായ തൊഴിലാളി ജോലിക്കിടെ തളർന്ന് വീണപ്പോൾ തുണയാകുകയും ഒരു മകൻ്റെ സ്ഥാനത്ത് നിന്ന് കൊണ്ട് എല്ലാ പരിചരണങ്ങളും നൽകുകയും ചെയ്ത കഫീൽ കഫീൽ യഥാർത്ഥ സ്നേഹവും ബഹുമാനവും എന്താണെന്ന് ലോകത്തെ പഠിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്.

38 വർഷങ്ങൾക്ക് മുംബ് സഫ് വയിലെ ഒരു വീട്ടിൽ ജോലിക്കെത്തുകയും തോട്ടം ജോലികളിലും മറ്റു ജോലികളിലും വ്യാപൃതനാകുകയും ചെയ്ത തൃശൂർ സ്വദേശി സലീമിനാണു തൻ്റെ കഫീലിൻ്റെ പരിചരണവും സ്നേഹവും നേരിട്ടനുഭവിക്കാനായത്.
ആദ്യത്തെ സ്പോൺസർക്കൊപ്പം സലീം നീണ്ട 28 വർഷം സേവനം ചെയ്തു. ഒരിക്കൽ നാട്ടിലെത്തിയപ്പോൾ രോഗം കാരണം തിരികെ വരാൻ സാധിച്ചില്ല. ഈ സമയം സ്പോൺസർ മരിച്ചു. തുടർന്ന് നാട്ടിൽ നിന്ന് സ്പോൺസറുടെ മകനായ അബ്ദുല്ല സഅദുമായി ഫോണിൽ ബന്ധപ്പെടുകയും മകൻ പുതിയ വിസ അയച്ച് കൊടുക്കുകയുമായിരുന്നു.
കഴിഞ്ഞ 10 വർഷമായി അബ്ദുല്ല സഅദിൻ്റെ കീഴിലാണു സലീം ജോലി ചെയ്ത് കൊണ്ടിരുന്നത്. അബ്ദുല്ല സഅദിൻ്റെ കുട്ടിക്കാലത്തായിരുന്നു സലീം ആദ്യ തവണ ആ വീട്ടിൽ ജോലിക്കെത്തിയിരുന്നത്. അത് കൊണ്ട് തന്നെ പിതൃ തുല്യമായ ബഹുമാനമായിരുന്നു സലീമിനു അബ്ദുല്ല സഅദ് നൽകിയിരുന്നത്.

മൂന്ന് മാസം മുംബ് സലീം തളർന്ന് വീണപ്പോൾ സ്പോൺസർ അബ്ദുല്ല സഅദ് സലീമിനു ആശുപത്രികളിൽ ചികിത്സ തേടുകയും തുടർന്ന് സ്വന്തം വീട്ടിൽ തന്നെ പരിചരണം ഒരുക്കുകയും ചെയ്തു. തളർന്നു കിടന്നിരുന്ന സലീമിനെ താങ്ങിയെടുത്ത് കുളിപ്പിക്കുന്നത് വരെ കഫീലും മക്കളുമായിരുന്നു എന്നത് ആ സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. തൻ്റെ പിതാവിൻ്റെ സ്ഥാനത്താണു സലീമിനെ കാണുന്നതെന്നും അദ്ദേഹത്തെ പരിചരിക്കൽ തങ്ങളുടെ കടമയാണെന്നുമാണു സ്പോൺസർ ഇതിനെക്കുറിച്ച് പറഞ്ഞത്. സ്പോൺസറുടെയും മക്കളുടെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും സ്നേഹവും പിന്തുണയും ഏറ്റ് വാങ്ങി കഴിഞ്ഞ ദിവസം സലീം ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa