എണ്ണപ്പാടം പിടിച്ചെടുക്കുമെന്ന് അമേരിക്കൻ ഭീഷണി; വക വെക്കാതെ ഫൈസൽ രാജാവ്
ജിദ്ദ: അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളുടെ ഇസ്രായേൽ പിന്തുണയിൽ പ്രതിഷേധിച്ച് സൗദിയടക്കമുള്ള രാജ്യങ്ങൾ എണ്ണ വിതരണം നിർത്തലാക്കിയ സമയത്ത് അമേരിക്കയിൽ നിന്നുയർന്ന ഭീഷണിയെക്കുറിച്ചും ഫൈസൽ രാജാവിൻ്റെ ധീരമായ നിലപാടും തുർക്കി അൽ ഫൈസൽ രാജകുമാരൻ ഒരു ചാനൽ പ്രോഗ്രാമിൽ ഓർത്തെടുത്തു.

1973 ലായിരുന്നു ലോകത്തെ ആകെ അമ്പരിപ്പിച്ച് കൊണ്ട് സൗദിയടക്കമുള്ള അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ അമേരിക്കയടക്കമുള്ള ചില രാജ്യങ്ങൾക്ക് എണ്ണ ഉപരോധം ഏർപ്പെടുത്തിയത്. അറബ് ഭൂമികയിൽ ഇസ്രായേൽ അധിനിവേശത്തിനു അവർ നൽകിയ പിന്തുണയാണു അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചത്.
ആ സമയം ഫൈസൽ രാജാവിനു അമേരിക്കയിൽ നിന്ന് അനൗദ്യോഗികമായ ഒരു ഭീഷണിക്കത്ത് വന്നതാണു തുർക്കി രാജകുമാരൻ ഓർത്തെടുക്കുന്നത്. സൗദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉപരോധം നീക്കം ചെയ്തില്ലെങ്കിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായത് ചെയ്യേണ്ടി വരുമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.
കത്തിലെ വിവരങ്ങൾ തൻ്റെ പിതാവായ ഫൈസൽ രാജാവിനു താനാണു കൈമാറിയതെന്ന് തുർക്കി രാജകുമാരൻ ഓർത്തെടുക്കുന്നു. ആ സമയം അമേരിക്കൻ മാധ്യമങ്ങളിൽ അറേബ്യയിലെ എണ്ണപ്പാടങ്ങൾ അമേരിക്ക പിടിച്ചെടുത്തേക്കുമെന്ന രീതിയിലുള്ള ലേഖനങ്ങൾ വന്നിരുന്ന സന്ദർഭവുമായിരുന്നു.

എന്നാൽ ഈ ഭീഷണിക്കത്തിൻ്റെ വിവരം ഫൈസൽ രാജാവിനോട് പറഞ്ഞപ്പോൾ ഇൻഷാ അല്ലാഹ്, ഖൈർ (എല്ലാം നല്ലതിന്) എന്നായിരുന്നു രാജാവിന്റെ മറുപടിയെന്ന് തുർക്കി രാജകുമാരൻ ഓർത്തു. മാത്രമല്ല അടുത്ത ദിവസം തന്നെ ജിദ്ദയിലെ കൊട്ടാരത്തിൽ നടന്ന ഒരു വിരുന്നിൽ മുമ്പൊന്നും ഇല്ലാത്ത വിധം സന്തോഷവാനായാണു ഫൈസൽ രാജാവ് പങ്കെടുത്തതെന്നും തുർക്കി രാജകുമാരൻ ഓർക്കുന്നു. തൻ്റെ പിതാവ് ഫൈസൽ രാജാവ് അമേരിക്കയുടെ ഭീഷണിയെ ഒരു തരത്തിലും ഭയന്നിരുന്നില്ലെന്നും തുർക്കി രാജകുമാരൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa