കൊറോണ ബാധിച്ച ഒരാളുടെ ഐസൊലേഷൻ കാലം അവസാനിക്കുന്നത് എപ്പോൾ; ഐസൊലേഷൻ നിർദ്ദേശങ്ങൾ ലംഘിച്ച യുവാവ് 9 സ്നേഹിതന്മാർക്ക് വൈറസ് പകർന്നു; സൗദിയിൽ 56 മരണം കൂടി
ജിദ്ദ: സൗദിയിൽ 4128 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2,05,929 ആയി ഉയർന്നു. ഇതിൽ 1,43,256 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊറോണ മരണം 1858 ആയി.

കൊറോണ സ്ഥിരീകരിച്ച ഒരു യുവാവ് ഐസൊലേഷൻ നിർദ്ദേശങ്ങൾ ലംഘിച്ച് തൻ്റെ സുഹൃത്തുക്കളുമായി സംഗമിക്കുകയും അത് വഴി 9 സുഹൃത്തുക്കൾക്ക് രോഗം പകരുകയും ചെയ്തു. ഇതിൽ ഒരാൾ ഗുരുതരാവസ്ഥയിലുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ക്വാറൻ്റൈനും ഐസൊലേഷനും തമ്മിലുള്ള വ്യത്യാസം സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . രോഗ ലക്ഷണങ്ങളുള്ളവർക്ക് പാലിക്കേണ്ടതാണു ഹോം ഐസൊലേഷനെന്നും വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും രോഗ ലക്ഷണങ്ങളുള്ളവരുമായി ബന്ധപ്പെട്ടവർക്ക് പാലിക്കാനുള്ളതാണു ഹോം ക്വാറൻ്റൈൻ എന്നുമാണു അധികൃതർ അറിയിച്ചത്. ഇതിനെ ഉദാഹരണ സഹിതം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒരു വീട്ടിൽ പിതാവിനു കൊറോണ ലക്ഷണങ്ങൾ ഉണ്ടായാൽ അദ്ദേഹം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനു ശേഷം 10 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം. ഇനി ആ വീട്ടിലുള്ള മകനും ലക്ഷണങ്ങൾ കണ്ടാൽ അയാളും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത് മുതൽ 10 ദിവസം വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയണം. (യഥാർത്ഥ ഐസൊലേഷൻ പിരീഡ് 14 ദിവസമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്). ആ വീട്ടിലെ മറ്റു അംഗങ്ങൾ, അവർക്ക് കൊറോണ ലക്ഷണങ്ങൾ ഒന്നും കണ്ടില്ലെങ്കിലും കുടുംബത്തിലെ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ദിവസം മുതൽ 14 ദിവസം വീട്ടിൽ തന്നെ ക്വാറൻ്റൈനിൽ കഴിയണം.

മൂന്ന് ദിവസം കൊറോണ ലക്ഷണങ്ങളായ ശ്വസതടസ്സം, ചുമ, ഉയർന്ന പനി എന്നിവ ഇല്ലാതായാൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ഐസൊലേഷൻ കാലം അവസാനിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa