Saturday, November 23, 2024
Saudi ArabiaTop Stories

കോവിഡ് മൂലം മരണപ്പെട്ട നേഴ്സിന്റെ പേരിൽ മദീനയിൽ ഹോസ്പിറ്റൽ

മദീന:  കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനിടയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട സൗദി നഴ്സ് നജൂദ് അൽ ഖൈബരിയുടെ പേരിൽ മദീനയിൽ മൊബൈൽ ഹോസ്പിറ്റൽ.

100 കിടക്കകളുള്ള മൊബൈൽ ഹോസ്പിറ്റലിന് അന്തരിച്ച സൗദി വനിതാ നഴ്‌സ് നജൂദ് അൽ-ഖൈബാരിയുടെ വിശിഷ്ട സേവനങ്ങളോടുള്ള ബഹുമാനാർത്ഥമാണ് അവരുടെ പേര് നൽകിയത്. മദീനയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കൊറോണ വൈറസ് ബാധിച്ച് നുജൂദ് മരണപ്പെട്ടത്.

മദീനാ അമീർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്ത നജൂദ് മെഡിക്കൽ സെന്റർ 59 ദിവസങ്ങൾ കൊണ്ടാണ് പണി പൂർത്തിയായത്. കൊറോണ വൈറസ് കേസുകൾ ചികിത്സിക്കാൻ ആവശ്യമായ മെഡിക്കൽ സപ്ലൈസ് സജ്ജീകരിച്ചിരിക്കുന്ന പുതിയ മെഡിക്കൽ സെന്റർ കോവിഡ്-19 രോഗികളെ പരിചരിക്കുന്നതിനായി പൂർണ്ണമായും സമർപ്പിക്കും.

അന്തരിച്ച നഴ്‌സ് നജൂദ് അൽ-ഖൈബാരിയുടെ ബഹുമാനാർത്ഥമാണ് ഇതിന് നുജൂദ് മെഡിക്കൽ സെന്റർ എന്ന് പേരിട്ടിരിക്കുന്നതെന്നും, രോഗികളെ സേവിക്കാൻ അവർ ചെയ്ത കാര്യങ്ങളെ അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബിയ ട്വീറ്റിറിൽ പറഞ്ഞു.

നഴ്സ് ആയി മദീനയിലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന നജൂദിന് 45 വയസ്സായിരുന്നു. മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. നഴ്‌സിംഗിൽ ബിരുദം നേടിയ ശേഷം, 15 വർഷത്തോളം അശ്രാന്തമായി പ്രവർത്തിച്ച നുജൂദ്, തന്റെ തൊഴിലിൽ എല്ലാ അർത്ഥത്തിലും അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ചു.

സൗദിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കോവിഡ് മരണമായിരുന്നു വനിതാ നഴ്സ് ആയിരുന്ന നജൂദിന്റെ മരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa